മസ്‌കറ്റിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ
ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മസ്‌കറ്റിൽനിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നു. അവധിക്കാലം പരിഗണിച്ച് അടുത്ത മാസം 1 മുതൽ ഒക്ടോബർ 29 വരെയാണ് സർവീസുകൾ അധികരിപ്പിക്കുക.
മസ്‌കറ്റിനും ഇന്ത്യൻ നഗരങ്ങളായ കൊച്ചി, ഡൽഹി, ചെന്നൈ എന്നിവയ്ക്കുമിടയിൽ നിലവിലുള്ള 7 പ്രതിവാര ഫ്‌ളൈറ്റുകൾക്ക് പകരമായി 10 പ്രതിവാര ഫ്‌ളൈറ്റുകളാണ് ഇക്കാലയളവിൽ സർവിസ് നടത്തുകയെന്ന് ഒമാൻ എയർ ഇന്ത്യൻ ഉപഭൂഖണ്ഡ-ഏഷ്യ-പസഫിക് റീജിയണൽ വൈസ് പ്രസിഡന്റ് ഹമദ് ബിൻ മുഹമ്മദ് അൽ ഹാർത്തി അറിയിച്ചു.
അവധിക്കാലത്ത് അന്താരാഷ്ട്ര യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 10 സർവിസുകൾ വീതവും ബാംഗ്ലൂർ, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 7 സർവിസുകൾ വീതവും, ഗോവ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ 3 സർവിസുകളാണുണ്ടാവുക.
കഴിഞ്ഞ മെയ് 22 മുതൽ, ഒമാനിലുടനീളമുള്ള വിമാനത്താവളങ്ങളിൽ മുമ്പ് നിലവിലുണ്ടായിരുന്ന എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. ഇതോടെ, ജി.സി.സിയിലെ സുപ്രധാന വിനോദ കേന്ദ്രമായ ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.