സുഡാനിലേക്ക് ഒമാന്റെ സഹായം; ദുരിതാശ്വാസ സാമഗ്രികൾ വിമാനത്തിൽ എത്തിച്ചു
സുഡാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള ഫ്ലൈറ്റുകൾ സർവീസ് നടത്തും.
മസ്കത്ത്: സംഘർഷം നടക്കുന്ന സുഡാനിലേക്ക് സഹായ ഹസ്തവുമായി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെ നിർദേശത്തെ തുടർന്നാണ് അവശ്യ വസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളും വിമാനങ്ങളിൽ സുഡാനിൽ എത്തിച്ചത്.
ഒമാൻ ചാരിറ്റബിൾ ഓൾഗനൈസേഷൻ, റോയൽ ഒമാൻ എയർഫോഴ്‌സിന്റെ സഹകരണത്തോടെയാണ് അവശ്യ വസ്തുക്കൾ സുഡാനിൽ എത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഒമാൻ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ദുരിതാശ്വാസ വിമാനങ്ങൾ സുഡാനിലേക്ക് എത്തുന്നത്. സുഡാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള ഫ്ലൈറ്റുകൾ സർവീസ് നടത്തും.
ദിവസങ്ങൾക്ക് മുമ്പ് സുഡാനിൽ നിന്ന് ഒമാൻ, സുഡാൻ കുടുംബങ്ങളെ ഒമാൻ എംബസി സുരക്ഷിതമായി സുൽത്താനേറ്റിൽ എത്തിച്ചിരുന്നു. സൗദി അറേബ്യയുമായി സഹകരിച്ചായിരുന്നു ഈ പ്രവർത്തനം. സിവിലിയന്മാർക്ക് ദ്രോഹമുണ്ടാക്കുന്ന ആക്രമണത്തിൽനിന്ന് വിട്ടുനിൽക്കാൻ സുഡാൻ സായുധ സേനാ പ്രതിനിധികളും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ ഒപ്പുവെച്ച കരാറിനെയും ഒമാൻ സ്വാഗതം ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തിൽ കരാറിലെത്താൻ പ്രാദേശിക, അന്തർദേശീയ കക്ഷികൾ നടത്തിയ ക്രിയാത്മക ഇടപ്പെടലുകളെയും ഒമാൻ അഭിനന്ദിച്ചു.