ഒമാനിൽ ഇനി പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം

സുൽത്താനേറ്റിൽ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി

Update: 2024-09-23 18:01 GMT
Advertising

മസ്‌കത്ത്: ഒമാനിൽ ഇനി പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം. നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുൽത്താനേറ്റിൽ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒമാനിയല്ലാത്ത ഇലക്ട്രീഷ്യൻ ലൈസൻസോടെ സമർപ്പിക്കുന്ന പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്നാണ് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ നടപടികൾ ഗവണ്മെന്റ് നേരെത്തെ തുടങ്ങിയിരുന്നു. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനവും കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31ശതമാനവുമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നത്.

2040ഓടെ ഈ മേഖലകളിലെ പ്രഫഷണൽ ജോലികൾ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ചില തൊഴിലുകൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക, മേഖലയിലെ വളർച്ചയുമായി ബന്ധപ്പെട്ട് ഒമാനികൾക്ക് ഏറ്റവും കുറഞ്ഞ തൊഴിൽ നിലവാരം നിശ്ചയിക്കുക, വേതന പിന്തുണ, പരിശീലനം, യോഗ്യതകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് പ്രധാന നയങ്ങൾ. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും. ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News