ഒമാനിലെ വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്
മസ്‌കത്ത്, സൗത്ത് ബാത്തിന, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Update: 2024-09-30 12:33 GMT
മസ്‌കത്ത്: ഒമാനിലെ വിവിധയിടങ്ങളിൽ മഴ മുന്നറിയിപ്പ്. മസ്‌കത്ത്, സൗത്ത് ബാത്തിന, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ സജീവമായ കാറ്റിനും വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എക്‌സിൽ അറിയിച്ചു. അൽ ഹജർ പർവതനിരകളിലും പിന്നീട് ഒമാൻ കടലിന്റെ തീരങ്ങളിലും ക്യുമുലസ് മേഘങ്ങളുടെ വികാസവും വ്യാപനവും പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
അതേസമയം, മഴ പെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റോയൽ ഒമാൻ പൊലീസ് ഓർമിപ്പിച്ചു.
- ഒഴുകുന്ന വാദികൾ മുറിച്ചുകടക്കരുത്. മിന്നൽ പ്രളയമുണ്ടാകാനിടയുണ്ട്, അപകടസാധ്യതയുമുണ്ട്
- കുഴികളിലും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളിലും വെള്ളം നിറഞ്ഞേക്കും, ജാഗ്രത പാലിക്കുക
- വാഹനങ്ങളിലെ വിൻഡ്ഷീൽഡ് വൈപ്പറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പുറത്തേക്ക് കാണുന്നുണ്ടെന്നും ഉറപ്പുവരുത്തുക
- നിങ്ങളുടെ മുന്നിലുള്ള വാഹനത്തിൽനിന്ന് സുരക്ഷിത അകലം പാലിക്കുക
- മഴ പെയ്യുമ്പോൾ തുറന്നുകിടക്കുന്ന വൈദ്യുത കമ്പികൾ തൊടാതിരിക്കുക