മൂന്നിടങ്ങളിൽ നാച്ച്വറൽ റിസർവ് പ്രഖ്യാപിച്ച് ഒമാൻ സുൽത്താൻ
അൽ ജബൽ അൽ ഗർബി, അൽ ദാഹിറ, വാഹത് അൽ ബുറൈമി എന്നിവിടങ്ങളിലാണ് പുതിയ നാച്ച്വറൽ റിസർവുകൾ
മസ്‌കത്ത്: മൂന്നിടങ്ങളിൽ നാച്ച്വറൽ റിസർവ് പ്രഖ്യാപിച്ച് ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖ്. അൽ ജബൽ അൽ ഗർബി, അൽ ദാഹിറ, വഹത് അൽ ബുറൈമി എന്നിവിടങ്ങളിലാണ് സുൽത്താൻ പുതിയ നാച്ച്വറൽ റിസർവുകൾ പ്രഖ്യാപിച്ചത്. മൂന്ന് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്ന രാജകീയ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചതോടെ ഒമാനിലാകെ 30 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുണ്ടാകും. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും സസ്യങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുകയാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പിറകിലെ ലക്ഷ്യം.
വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, സമ്പന്നമായ ഭൂഗർഭ രൂപാന്തരം എന്നിവ സംരക്ഷിക്കുന്നതിനും അതുവഴി പ്രദേശത്തിന് പ്രകൃതിദത്തമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും പ്രകൃതിദത്ത സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഉത്തരവെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
നോർത്ത് അൽ ബത്തിന-അൽ ബുറൈമി ഗവർണറേറ്റുകൾക്ക് ഇടയിലായി ഒമാന്റെ വടക്ക് ഭാഗത്താണ് അൽ ജബൽ അൽ ഗർബി നാച്ച്വറൽ റിസർവ്. തെക്ക് വാദി അൽ ജിസ്സിയും വടക്ക് വാദി റജ്മിയും അതിർത്തി പങ്കിടുന്ന വിപുല പർവതനിരയാണിത്. 485 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ളതാണ് നാച്ച്വറൽ റിസർവ്. ഒമാനി ലിസാർഡിന്റെ സാന്നിധ്യത്തിന് പേരുകേട്ട പ്രദേശത്ത് 17 ഇനം കാട്ടുപക്ഷികളുള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്.
അൽ ബുറൈമി, നോർത്ത് അൽ ബത്തിന, അൽ ദാഹിറ എന്നീ മൂന്നു ഗവർണറേറ്റുകളിലാണ് വാഹത് അൽ ബുറൈമി നാച്ച്വറൽ റിസർവ് വ്യാപിച്ചുകിടക്കുന്നത്. അൽ ദാഹിറ ഗവർണറേറ്റിൽ ഇബ്രി വിലായത്തിലെ നോർത്ത് അൽ ഷുഇയ്യയിലെ പർവതനിരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അറേബ്യൻ ഐബെക്സിന് പുറമെ 80 ഇനം സസ്യങ്ങളും 17 ഇനം പക്ഷികളും ചില ഇനം ഉരഗങ്ങളും ഈ പ്രദേശത്തുണ്ട്.
അൽ ദാഹിറ ഗവർണറേറ്റിലാണ് അൽ ദാഹിറ നാച്ച്വറൽ റിസർവ് സ്ഥിതി ചെയ്യുന്നത്. യാങ്കുൽ വിലായത്തിലെ വാദി അൽ ഫത്തിന്റെ തെക്ക് മുതൽ ഇബ്രി വിലായത്തിന്റെ വടക്കുപടിഞ്ഞാറുള്ള അൽ മസെം പ്രദേശം വരെ വ്യാപിച്ചുകിടക്കുന്ന പർവതനിരകൾക്കുള്ളിലാണ് ഈ ഇടം. ശീതകാല ദേശാടനത്തിനിടയിൽ ഹുബാറ ബസ്റ്റാർഡിന്റെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നാണ് അൽ മസെം പ്രദേശം. ഈ പ്രകൃതി സംരക്ഷണ കേന്ദ്രം 860 സ്‌ക്വയർ കിലോമീറ്ററിലേറെ ഭാഗത്തായി നിലകൊള്ളുന്നു.
70-ലധികം ഇനം വന്യ സസ്യങ്ങളും വലിയ സസ്തനികളും ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പരിസ്ഥിതി അതോറിറ്റി അറിയിക്കുന്നത്. കാട്ടുപക്ഷികൾക്കും ഒമാനി ലെസാർഡിനും പുറമെ അറേബ്യൻ തഹർ, ലിങ്ക്‌സ്, മലക്കുറുക്കൻ, കാട്ടുമുയൽ, കാട്ടുപൂച്ച എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.