ഒമാനിൽ സ്വദേശിവത്കരണ നിബന്ധനകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി

വീഴ്ച വരുത്തിയാൽ പെർമിറ്റ് പുതുക്കി നിൽകില്ലെന്നും ടെലികോം റഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി

Update: 2022-08-24 16:22 GMT
Advertising

മസ്‌കത്ത്‌: ഒമാനിൽ ടെലി കമ്മ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട സ്വദേശിവത്കരണ നിബന്ധനകൾ ടെലികോം റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു. ഘട്ടംഘട്ടമായി വൈദഗ്ധ്യ ജോലികളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിർദേശം. ഇതിൽ വീഴ്ച വരുത്തിയാൽ പെർമിറ്റ് പുതുക്കി നിൽകില്ലെന്നും ടെലികോം റഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി.

ഒമാനിൽ എൻട്രപ്രണർഷിപ്പ് കാർഡുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ പെർമിറ്റ് ലഭിച്ച് 12 മാസത്തിനുള്ളിൽ 30 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കിയിരിക്കണം. 24 മാസം കഴിയുമ്പോൾ അത് 40 ശതമാനമായും 36 മാസം കഴിയുമ്പോൾ 50 ശതമാനമായും 48 മാസം കഴിയുമ്പോൾ 60 ശതമാനവുമാക്കി ഉയർത്തണം. പെർമിറ്റ് ലഭിച്ച 60 മാസം പൂർത്തിയാകുമ്പോൾ സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ 70 ശതമാനം സ്വദേശികളായിരിക്കണം. ഇല്ലെങ്കിൽ പെർമിറ്റ് പുതുക്കി നൽകില്ല.

റിയാദയിൽ രജിസ്റ്റർ ചെയ്ത ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ ആണെങ്കിൽ 12 മാസം കൊണ്ട് 55ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കിയിരിക്കണം. മറ്റ് കമ്പനികളും സ്ഥാപനങ്ങളും 12 മാസം കൊണ്ട് മൊത്തം ജീവനക്കാരിൽ 60 ശതമാനവും സ്വദേശികളെ നിയമിക്കണം. ഘട്ടം ഘട്ടമായി ഇത് 70 ശതമാനത്തിൽ എത്തിക്കുകയും വേണം. വീടുകളിൽ കമ്മ്യൂണിക്കേഷൻ-ഐ.ടി ഉപകരണങ്ങളോ നെറ്റ്വർക്കോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏൽപ്പിക്കരുതെന്നാണ് തീരുമാനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News