പി.സി.ആർ:കേന്ദ്ര നടപടിയെ പിന്തുണച്ച് പ്രവാസികൾ;യു.എ.ഇ,കുവൈത്ത് യാത്രക്കാരെ ഒഴിവാക്കിയതിൽ പ്രതിഷേധം

യു.എസ്.എയിൽ നിന്നെത്തുന്നവർക്ക് ടെസ്റ്റ്‌വേണ്ടെന്നും 1588 കേസുകൾ മാത്രമുള്ള യു.എ.ഇയിൽ നിന്നെത്തുന്നവർ പി.സി.ആർപരിശോധന നടത്തണമെന്നും പറയുന്നതിനെയാണ് പ്രവാസികൾ ചോദ്യം ചെയ്യുന്നത്

Update: 2022-02-10 19:13 GMT
Editor : Dibin Gopan | By : Web Desk
Advertising

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് വരാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച യാത്രാ ഇളവിൽ പ്രവാസികൾക്ക് ആശ്വാസം. എന്നാൽ യാത്ര ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഉൾപെടുത്താത്തതിൽ പ്രതിഷേധം ശക്തമാണ്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ തയാറാക്കിയ പട്ടികയിലാണ് യു.എ.ഇയെയും കുവൈത്തിനെയും ഉൾപെടുത്താതിരുന്നത്.

പുതുതായി ഏർപ്പെടുത്തിയ ഇളവ് പ്രവാസികൾക്ക് ഏറെ മുതൽക്കൂട്ടാകും.സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രവാസി സമൂഹം നടപടിയെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ കൂടി സർക്കാർ സന്നദ്ധമാകണമെന്ന അഭിപ്രായവും ശക്തമാണ്.അതേസമയം, ഏറ്റവും കൂടുതൽ പ്രവാസികൾ അധിവസിക്കുന്ന യു.എ.ഇയെ ഇളവുപട്ടികയിൽ നിന്ന് മാറ്റിനിർത്തിയത് വ്യാപക എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

ജനസംഖ്യയുടെ 94 ശതമാനവും വാക്‌സിനേഷൻ പൂർത്തീകരിച്ചവരാണ് യു.എ.ഇയിലുള്ളത്. നല്ലൊരു ശതമാനം ജനങ്ങളും ബൂസ്റ്റർ ഡോസും സ്വീകരിച്ച് കഴിഞ്ഞു. യു.എ.ഇയേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളെ ഉൾപെടുത്തിയിട്ടും കേന്ദ്രസർക്കാരിന്റെ പട്ടികയിൽ യു.എ.ഇയെ ഉൾപെടുത്താത്തതിലാണ് പ്രതിഷേധം. യു.എ.ഇയിൽ ഇന്നലെ 1588 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. യു.എസ്.എയിൽ രണ്ട്‌ലക്ഷത്തിന് മുകളിലും.യു.എസ്.എയിൽ നിന്നെത്തുന്നവർക്ക് ടെസ്റ്റ്‌വേണ്ടെന്നും 1588 കേസുകൾ മാത്രമുള്ള യു.എ.ഇയിൽ നിന്നെത്തുന്നവർ പി.സി.ആർപരിശോധന നടത്തണമെന്നും പറയുന്നതിനെയാണ് പ്രവാസികൾ ചോദ്യം ചെയ്യുന്നത്.

50 മുതൽ 150 ദിർഹം വരെ മുടക്കിയാണ് ഓരോരുത്തും പരിശോധന നടത്തുന്നത്. ചെറിയ ശമ്പളത്തിന് നിൽക്കുന്ന പ്രവാസികൾക്ക് ഇത്‌ വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. യാത്രാ ഇളവുകൾ പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ബഹ്‌റൈൻ, സൗദി, ഒമാൻ എന്നിവിടങ്ങളിൽ യു.എ.ഇയിയേക്കാൾ കൂടുതൽ പ്രതിദിന കേസുകളാണുള്ളത്. ഏതായാലും നടപടി പുന:പരിശോധിക്കാൻ കേന്ദ്രം തയാറാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News