റിയാദ്, ജിദ്ദ നഗരങ്ങളിൽ ട്രക്കുകൾ പ്രവേശിക്കുന്നതിന് പ്രത്യേക സംവിധാനം
മുന്‍കൂട്ടി അനുമതി നേടുന്ന ട്രക്കുകള്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക
ദമ്മാം: നിരോധിത സമയങ്ങളിലും ട്രക്കുകള്‍ക്ക് റിയാദ്, ജിദ്ദ നഗരങ്ങളില്‍ പ്രവേശിക്കാം. മുന്‍കൂട്ടി അനുമതി നേടുന്ന ട്രക്കുകള്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കാം.
പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്ന സമയങ്ങളിലും പ്രവേശനം സാധ്യമാക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. റമദാനിലും അല്ലാത്ത സമയങ്ങളിലും വ്യത്യസ്ത സമയങ്ങളിലായാണ് വിലക്കുള്ളത്. റിയാദ്, ജിദ്ദ നഗരങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ഇലക്ട്രോണിക് അപോയ്ന്‍മെന്റുകളിലൂടെ പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജനറല്‍ ട്രാഫിക് അതോറിറ്റിക്ക് കീഴിലുള്ള നഖ്ല്‍ പോര്‍ട്ടല്‍ വഴിയാണ് ഇതിന് സൗകര്യമേര്‍പ്പെടുത്തിയത്. പോര്‍ട്ടലിലെ എന്‍ട്രി സിറ്റിസ് എന്ന വിഭാഗത്തില്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കണം. സുഗമമായ ട്രാഫികിനും ഗതാഗത തടസ്സം ലഘൂകരിക്കുന്നതിനും സംവിധാനം സഹായിക്കുമെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു.