ഡൽഹിയിലെ അത്യുഷ്ണം: ഭവനരഹിതരായ 192 പേർ ഒമ്പത് ദിവസത്തിനിടെ മരിച്ചു

കടുത്ത ചൂടിനോടൊപ്പം ജലക്ഷാമവും രൂക്ഷമാണ്

Update: 2024-06-20 07:21 GMT
Advertising

ന്യൂഡൽഹി: ഡൽഹിയിലെ ഭവനരഹിതരായ 192 പേർ ജൂൺ 11നും 19നും ഇടയിലെ അത്യുഷ്ണത്തിൽ മരിച്ചതായി റിപ്പോർട്ട്. സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ് എന്ന എൻ.ജി.ഒയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞവർഷങ്ങളുമായി അപേക്ഷിച്ച് നോക്കുമ്പോൾ പ്രസ്തുത കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.

രാജ്യതലസ്ഥാനം കത്തുന്ന ചൂടിൽ ഉരുകിയൊലിക്കുന്നതിനിടെ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അഞ്ചുപേരാണ് മരിച്ചത്. നോയിഡയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ മരിച്ചു.

ജൂൺ 11 മുതൽ 19 വരെയുള്ള കാലയളവിൽ ഭവനരഹിതരായ 192 പേർ അത്യുഷ്ണം കാരണം മരിച്ചത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്ന് എൻ.ജി.ഒയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ സുനിൽ കുമാർ അലേഡിയ പറഞ്ഞു. ഈ ഭയാനകമായ കണക്കുകൾ സമൂഹത്തിലെ ഏറ്റവും ദുർബലരുടെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉറപ്പിക്കുന്നു. ഡൽഹിയിൽ ചൂട് കാരണം മരിച്ചവരുടെ മൃതദേഹം ഏറ്റെടുക്കാത്തതിൽ 80 ശതമാനവും ഭവനരഹിതരുടേതാണ്.

വായു മലിനീകരണം, ദ്രുതഗതിയിലുള്ള വ്യവസായവത്കരണം, നഗരവത്കരണം, വനനശീകരണം എന്നിവയെല്ലാമാണ് താപനില വർധിക്കാൻ കാരണം. ഇത് ഭവനരഹിതരുടെ അവസ്ഥയെ കൂടുതൽ വഷളാക്കുകയാണെന്ന് സുനിൽ കുമാർ പറഞ്ഞു.

ശരീരത്തിൽ ജലാംശം നിലനിർത്താനായി ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇത് നിർജലീകരണവും മറ്റു ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഭവനരഹിതരായ ആളുകൾ തിരിച്ചറിയൽ രേഖകളുടെയും സ്ഥിര മേൽവിലാസത്തിന്റെയും അഭാവം കാരണം സർക്കാറിന്റെ വിവിധ ഭവനപദ്ധതികളിൽനിന്ന് പിന്നോട്ടുനിൽക്കുകയാണ്. ഇത് ഇവരെ വീണ്ടും തെരുവിൽ ജീവിക്കാൻ നിർബന്ധിതരാക്കുന്നു. ശീതീകരണ കേന്ദ്രങ്ങൾ, മതിയായ സംരക്ഷണ കേന്ദ്രങ്ങൾ, കുടിവെള്ള വിതരണം, ഭവനരഹിതരുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കുക എന്നിവ ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നും സുനിൽ കുമാർ പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുകയാണ്. കടുത്ത ചൂടിനോടൊപ്പം ജലക്ഷാമം രൂക്ഷമായത് ജനജീവിതം ദുരിതത്തിലാക്കി. അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

മേയ് 12 മുതൽ ഡൽഹിയിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഒഡീഷ, ബിഹാർ, രാജസ്ഥാൻ, പഞ്ചാബ്, യുപി എന്നീ സംസ്ഥാനങ്ങളിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും താപനില 46 ഡി​ഗ്രിക്ക് മുകളിലാണ്.

1969 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. മുമ്പ് 2006ലാണ് കടുത്ത ചൂട് അനുഭവപ്പെട്ടത്. 30 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഹീറ്റ്‌വേവ് തുടരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചനയാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ചൂടിനോടൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമായ ഡൽഹിയിൽ ജനജീവിതം ദുരിതത്തിലാണ്. ജലക്ഷാമം പരിഹരിക്കുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ജല വിഭവ വകുപ്പ് മന്ത്രി അതിഷി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂൺ 21ന് ശേഷം സത്യഗ്രഹം ഇരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. ജലദൗർലഭ്യം വൈദ്യുതി ഉൽപാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News