വിസ്താര പൈലറ്റ് പ്രതിസന്ധി രൂക്ഷം; 38 വിമാനങ്ങള്‍ റദ്ദാക്കി

മുംബൈയില്‍ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്

Update: 2024-04-02 04:17 GMT
Advertising

ഡല്‍ഹി: ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താരയില്‍ പൈലറ്റുമാരില്ലാത്തതിനാല്‍ പ്രധാന നഗരങ്ങളില്‍ നിന്ന് പുറപ്പെടുന്ന 38 വിമാനങ്ങള്‍ ഇന്ന് രാവിലെ റദ്ദാക്കി. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന 15 വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നുള്ള 12 വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നുള്ള 11 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

ഇന്നലെ 50 വിസ്താര വിമാനങ്ങള്‍ റദ്ദാക്കുകയും 160 എണ്ണം വൈകുകയും ചെയ്തിരുന്നു.

'ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. വിമാന ജീവനക്കാരുടെ അഭാവമാണ് ഇതിന് പ്രധാന കാരണം. ഇതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്' കമ്പനി അറിയിച്ചു.

പുതുക്കിയ ശമ്പള ഘടനയാണ് പൈലറ്റുമാര്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

താത്കാലികമായി വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും വിസ്താര അറിയിച്ചു. ദീര്‍ഘനേര കാത്തിരിപ്പും അസൗകര്യവും ഒഴിവാക്കുന്നതിന് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് വിസ്താര നിര്‍ദേശം നല്‍കി.

ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് മാപ്പ് ചോദിക്കുന്നതായും എല്ലാം ഉടന്‍ പഴയതുപോലെ ആക്കുമെന്നും വിസ്താര അറിയിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News