തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടങ്ങളിലെ ഭേദഗതി​ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച്​ കോൺ​ഗ്രസ്​

ഇലക്ട്രോണിക് രേഖകൾ സ്ഥാനാർഥികൾക്ക് മാത്രം ലഭ്യമാക്കുന്നതാണ്​ പുതിയ ഭേദഗതി

Update: 2024-12-24 10:50 GMT
Advertising

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടങ്ങളിലെ ഭേദഗതിക്കെതിരെ സു​പ്രിംകോടതിയിൽ ഹരജി നൽകി കോൺഗ്രസ്​. തെരഞ്ഞെടുപ്പ്​ പ്രക്രിയയുടെ ​സമഗ്രത പുനഃസ്​ഥാപിക്കാൻ സുപ്രിംകോടതിക്ക്​ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന് ഹരജി നൽകിയ​ എഐസിസി​ ജനറൽ സെക്രട്ടറി ജയറാം രമേശ്​ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്​ കേന്ദ്ര നിയമ മന്ത്രാലയം 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ചട്ടം 93 (2) (എ) ഭേദഗതി ചെയ്​തത്​.

പുതിയ ഭേദഗഗതി അനുസരിച്ച് നാമനിർദേശ പത്രികകൾ, പോൾ ഏജൻറുമാരുടെ നിയമനങ്ങൾ, ഫലങ്ങൾ, ചട്ടങ്ങളിൽ പരാമർശിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്‌മെൻറുകൾ തുടങ്ങിയ രേഖകൾ മാത്രമാണ്​ പൊതുജനങ്ങൾക്ക്​ ലഭ്യമാകുക. സിസിടിവി ദൃശ്യങ്ങൾ, വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ട കാലയളവിൽ സ്ഥാനാർഥികളുടെ വിഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഇലക്ട്രോണിക് രേഖകൾ സ്ഥാനാർഥികൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. മറ്റുള്ളവർക്ക് ഇവ വേണമെന്നുണ്ടെങ്കിൽ കോടതിയെ സമീപിക്കണം. ഇലക്ട്രോണിക് രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ വേണ്ടിയാണ്​ ഭേദഗതി കൊണ്ടുവന്നതെന്നാണ് കേന്ദ്ര​ സർക്കാർ വാദം.

തെരഞ്ഞെടുപ്പ്​ പ്രക്രിയയുടെ സമഗ്രത അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്​ ജയറാം രമേശ്​ പറഞ്ഞു. അത്​ പുനഃസ്​ഥാപിക്കാൻ സുപ്രിംകോടതി സഹായിക്കുമെന്നാണ്​ പ്രതീക്ഷ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായും പൊതുജനാഭിപ്രായമില്ലാതെയും സുപ്രധാന നിയമം ഇത്ര നാണംകെട്ട രീതിയിൽ ഭേദഗതി ചെയ്യാൻ അനുവദിക്കാനാവില്ലെന്ന്​ ജയറാം രമേശ്​ വ്യക്​തമാക്കി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News