തെലങ്കാനയിൽ മിസൈലുണ്ടാക്കാൻ അദാനി ഗ്രൂപ്പ്; മുഖ്യമന്ത്രിയെ കണ്ടു
അദാനി ഗ്രൂപ്പിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും കുറ്റപ്പെടുത്തുന്നതിനിടെയാണ് കൂടിക്കാഴ്ച്ച
ഹൈദരാബാദ്: തെലങ്കാനയിൽ മിസൈലുണ്ടാക്കാനുള്ള പദ്ധതിയുമായി അദാനി ഗ്രൂപ്പ്. പുതുതായ സംസ്ഥാനത്ത് അധികാരമേറ്റ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അദാനി ഗ്രൂപ്പിന്റെ പ്രതിനിധി സംഘം കണ്ടു. സംസ്ഥാനത്ത് മിസൈലുകളും കൗണ്ടർ ഡ്രോൺ സംവിധാനവും നിർമിക്കാനുള്ള പദ്ധതി അവർ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായി ദി ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്തു. അദാനി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഗൗതം അദാനിയുടെ മകനും അദാനി പോർട്‌സ് ആൻഡ് എസ്ഇസെഡ് ലിമിറ്റഡ് സിഇഒയുമായ കരൺ അദാനിയാണ് ജനുവരി മൂന്നിന് മുഖ്യമന്ത്രിയെ കണ്ടത്.
അദാനി ഗ്രൂപ്പിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകിയെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും കുറ്റപ്പെടുത്തുന്നതിനിടെയാണ് തെലങ്കാനാ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. അദാനിയുടെ പ്രവർത്തനങ്ങൾ ശരിയായി നിരീക്ഷിക്കപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെ സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
പമ്പ് സ്റ്റോറേജ് പവർ സൗകര്യവും കാറ്റിൽ നിന്നുള്ള ഊർജ്ജ പദ്ധതിയും വികസിപ്പിക്കാനും ബിസിനസ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ദി ന്യൂസ് റിപ്പോർട്ട് ചെയ്തു. എയറോസ്‌പേസ് പാർക്കിൽ ഡാറ്റാ സെൻറർ പദ്ധതി തുടങ്ങാനും അദാനി ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചു. തെലങ്കാനയിൽ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കോൺഗ്രസ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.