അധികാരത്തിലുള്ള മത നേതാവ് മികച്ച ഫലം നൽകുന്നു, യോഗി ആദിത്യനാഥ് അതിന് ഉദാഹരണം -ഉത്തർ പ്രദേശ് ജഡ്ജി
2022ൽ ഗ്യാൻവാപി പള്ളിയിൽ വീഡിയോ സർവേക്ക് ഉത്തരവിട്ടതും ജഡ്ജി രവികുമാർ ദിവാകറായിരുന്നു
ലഖ്നൗ: മത നേതാവ് സംസ്ഥാനത്ത് അധികാര കസേരയിലിരിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്ന് ഉത്തർ പ്രദേശിലെ ബറേലി ജില്ല അഡീഷനൽ ജില്ല ജഡ്ജി രവികുമാർ ദിവാകർ. 2010ൽ ബറേലിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് മുസ്‍ലിം പണ്ഡിതനും രാഷ്ട്രീയ നേതാവുമായ മൗലാന തൗഖീർ റാസാഖാന്റെ വിചാരണക്കിടയിലായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. 2022ൽ ഗ്യാൻവാപി പള്ളി പരിസരത്ത് വീഡിയോ സർവേക്ക് ഉത്തരവിട്ടതും ജഡ്ജി രവികുമാർ ദിവാകറായിരുന്നു.
അധികാരത്തിന്റെ തലവൻ മതവിശ്വാസി ആയിരിക്കണം. കാരണം ഒരു മതവിശ്വാസിയുടെ ജീവിതം ആസ്വാദനത്തിനുള്ളതല്ല, മറിച്ച് ത്യാഗത്തിന്റെയും സമർപ്പണത്തിന്റേതുമാണ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് യോഗി ആദിത്യനാഥ്. ഇദ്ദേഹം മുകളിൽ പറഞ്ഞ ആശയം ശരിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ജഡ്ജി പറഞ്ഞു.
ഒരു മതവിശ്വാസി അധികാരത്തിന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയാണെങ്കിൽ അത് വളരെ നല്ല ഫലങ്ങൾ നൽകുന്നു. തത്വചിന്തകനായ പ്ലേറ്റോ തന്റെ റിപബ്ലിക് എന്ന പുസ്തകത്തിൽ തത്വചിന്തകനായ രാജാവ് എന്ന ആശയത്തിൽ അവതരിപ്പിച്ചത് ഇതാണ്. ഒരു തത്വചിന്തകനായ രാജാവ് ഉണ്ടാകുന്നത് വരെ നാട്ടിൽ കഷ്ടപ്പാടുകൾക്ക് അവസാനമുണ്ടാകില്ലെന്നാണ് പ്ലേറ്റോ പറഞ്ഞതെന്നും ജഡ്ജി ദിവാകാർ പറഞ്ഞു. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ സർക്കാർ ഇല്ലായിരുന്നെങ്കിൽ ബറേലിയിൽ മറ്റൊരു കലാപത്തിന് മൗലാന തൗഖീർ പ്രേരണ നൽകുമായിരുന്നു.
ഗ്യാൻവാപി മസ്ജിദ് കേസിലെ തന്റെ ഉത്തരവുകൾ നിയമത്തിനകത്ത് നിന്നുള്ളതാണെന്നും ജഡ്ജി പറഞ്ഞു. അതിനുശേഷം താനും കുടുംബാംഗങ്ങളും തന്റെ സുരക്ഷയെക്കുറിച്ച് നിരന്തരം ആശങ്കാകുലരാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഭയത്തിന്റെ അന്തരീക്ഷമാണ് തന്റെ കുടുംബത്തിൽ നിലനിൽക്കുന്നത്. കുടുംബത്തിലെ എല്ലാവരും പരസ്പരം സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് ഒരാൾ പലതവണ ചിന്തിക്കണം. പ്രത്യേകിച്ച് മാതാവ് തന്റെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കാകുലയാണ്.
വാർത്താചാനലുകളിൽ പറയുന്നതുപോലെ തന്നെ കൊല്ലുമോ എന്ന് മക്കളും തന്നോട് ചോദിക്കുന്നു. ആ വാർത്തകൾ വ്യാജമാണെന്ന് താൻ അവരോട് പറയാൻ ശ്രമിക്കും. എന്നാൽ, അച്ഛൻ കൊല്ലപ്പെടുമെന്ന് സുഹൃത്തുക്കൾ പറയുന്നുണ്ടെന്നും അതിനാൽ തങ്ങളെ കബളിപ്പിക്കാനാകില്ലെന്നുമാണ് അവർ പറയുന്നത്.
ഭയം വളരെയധികമാണ്. കുറച്ച് മുമ്പ് ബറേലി നഗരത്തിൽ കലാപം സൃഷ്ടിക്കാൻ മൗലാന തൗഖീർ റാസാഖാൻ ശ്രമിച്ചിരുന്നു. കൂടാതെ ഇദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞു. ഇക്കാര്യം തന്റെ ഭാര്യ കേട്ടതാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിൽ സംസാരിക്കുന്ന ആൾക്ക് എന്തും ചെയ്യാൻ സാധിക്കുമെന്നാണ് അന്ന് ഭാര്യ പറഞ്ഞത്.
ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട വിധി പറഞ്ഞതു മുതൽ ഒരു പ്രത്യേക മതത്തിൽപ്പെട്ടവരുടെയും ഉദ്യോഗസ്ഥരുടെയും തന്നോടുള്ള സമീപനം വിചിത്രമായ രീതിയിലാണ്. താൻ ഗ്യാൻവാപി കേസിൽ വിധി പറഞ്ഞുകൊണ്ട് എന്തോ പാപം ചെയ്തതുപോലെയാണ് അവർ പെരുമാറുന്നത്.
ഇന്ത്യയിലെ കലാപങ്ങളുടെ പ്രധാന കാരണം രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ഒരു പ്രത്യേക മതത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നതിനാലാണെന്നും ജഡ്ജി ദിവാകർ പറഞ്ഞു. അതിനാലാണ് ആ മതത്തിലെ പ്രമുഖരുടെ മനോവീര്യം വർധിക്കുന്നത്. കലാപം സൃഷ്ടിച്ചാലും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന് അവർ ചിന്തിക്കുന്നു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്ക് നീതി ലഭിക്കാൻ വർഷങ്ങൾ പിടിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇക്കാര്യവും കലാപകാരികളുടെ മനോവീര്യം വർധിപ്പിക്കുന്നു. കലാപം നടത്തിയാലും ശിക്ഷ ലഭിക്കുന്നത് മിക്കവാറും അസാധ്യമാണെന്ന് അവർ കരുതുന്നു. അതിന്റെ പ്രധാന ദൃഷ്ടാന്തമാണ് 2010ൽ നടന്ന ബറേലിയിലെ കലാപം.
പ്രസ്തുത കേസിൽ, മനഃപൂർവം കലാപത്തിന് പ്രേരിപ്പിച്ച മുഖ്യ സൂത്രധാരൻ മൗലാന തൗക്കീർ റാസയുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹത്തിനെതിരെ മതിയായ തെളിവുകൾ ലഭിച്ചതാണ്. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും തങ്ങളുടെ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയതായി ഇത് കാണിക്കുന്നുവെന്നും ജഡ്ജി പറഞ്ഞു.
മൗലാനാ തൗഖീർ റാസാഖാൻ മുസ്‍ലിം സമുദായത്തോട് അഭിസംബോധന ചെയ്തുകൊണ്ട് ഹിന്ദുക്കളുടെ രക്ത നദികൾ ഒഴുക്കുമെന്ന് പ്രസംഗിച്ചതായി കോടതി പ്രഥമദൃഷ്ട്യാ നിഗമനത്തിലെത്തി. അവരുടെ വീടുകളും കടകളും നശിപ്പിക്കുകയും തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു. തുടന്ന് 2010 മാർച്ച് രണ്ടിന് ബറേലിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
പൊലീസ് പോസ്റ്റിന് തീയിടുകയും ഹിന്ദുക്കളുടെ വീടുകൾ കത്തിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തെന്നും ജഡ്ജി പറഞ്ഞു. മൗലാന തൗക്കീർ റാസാഖാനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേസിൽ വിചാരണ നേരിടാൻ സമൻസ് അയക്കുകയും ചെയ്തു. തന്റെ ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നിൽ സമർപ്പിക്കാനും ജഡ്ജി നിർദേശിച്ചു.