ഉന്നതവിദ്യാഭ്യാസരംഗത്ത് മുസ്‌ലിം വിദ്യാർഥികളുടെ പ്രവേശനനിരക്ക് കുറയുന്നതായി പഠനം

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്‌ലിം വിദ്യാർഥികളുടെ പ്രവേശനനിരക്ക്

Update: 2024-03-06 08:46 GMT
Editor : ശരത് പി | By : Web Desk
Advertising

ഡൽഹി: രാജ്യത്ത് ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന മുസ്ലീം വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവെന്ന് പഠനം. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് & അഡ്മിനിസ്ട്രേഷനിൽ(NIEPA) എഡ്യൂക്കേഷണൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (EMIS) തലവനായിരുന്ന മുൻ പ്രൊഫസർ അരുൺ സി മേത്ത നടത്തിയ പഠനത്തിന്റെ അനുബന്ധമായാണ് കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്ന മുസ്‌ലിം വിദ്യാർഥികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലെ കണക്കുകളെ അനുബന്ധിച്ച് വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിം വിദ്യാർഥികൾ വിദ്യാഭ്യാസരംഗത്തേക്ക് കൂടുതലായി എത്തുന്നതായും പഠനം പറയുന്നുണ്ട്.

2016-17 വർഷങ്ങളിൽ 17,39,218 മുസ്‌ലിം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി പ്രവേശിച്ചത് 2019-20 വർഷത്തിൽ 21,00,860 ആയി വർധിച്ചു. എന്നാൽ തൊട്ടടുത്ത വർഷം ഇത് 19,21,713 ആയി കുറയുകയും ചെയ്തു. കേരളത്തിൽ മുസ്‌ലിം വിഭാഗത്തിൽ ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് കൂടുതലായും ഉന്നതവിദ്യാഭ്യാസരംഗത്തേക്കെത്തുന്നത്. 25 ശതമാനമാണ് പെൺകുട്ടികളുടെ പ്രവേശനനിരക്കെന്നിരിക്കെ 15 ശതമാനമാണ് ആൺകുട്ടികളുടെ പ്രവേശനനിരക്ക്.

ഗ്രാന്റുകൾ, സ്‌കോളർഷിപ്പുകൾ വിദ്യാഭ്യാസ വായ്പകൾ എന്നിവ നൽകി വിദ്യാഭ്യാസരംഗത്തെ സാമ്പത്തിക ബാധ്യത കുറച്ച് മുസ്‌ലിം വിദ്യാർഥികളെ കൂടുതലായി ഉന്നതവിദ്യാഭ്യാസരംഗത്തേക്കുയർത്തി വരണമെന്നും പഠനം പറയുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിലും ഉത്തരേന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിലും സാമൂഹിക-സാമ്പത്തിക സൂചകങ്ങളിൽ കാര്യമായ വ്യത്യാസമുണ്ടെന്ന് മൗലാന ആസാദ് നാഷണൽ ഉറുദു സർവകലാശാലയിലെ (MANUU) സോഷ്യോളജി വിഭാഗം പ്രൊഫസറായ കെ എം സിയാവുദ്ദീൻ പഠനത്തെ അപഗ്രഥിച്ച് അഭിപ്രായപ്പെട്ടു.

പ്രതിശീർഷ വരുമാനത്തിലും വികസനത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നിൽ നിൽക്കുന്നതിനാൽ സംവരണം പോലുള്ള രീതികൾ ഈ സംസ്ഥാനങ്ങളിൽ വളരേക്കാലം മുമ്പ് തന്നെ നടപ്പിലാക്കിയിരുന്നു. ഇത് മുസ്‌ലിം വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ഉപകാരപ്പെട്ടതായും സിയാവുദ്ദീൻ അഭിപ്രായപ്പെട്ടു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News