ട്വിസ്റ്റുകളുടെ ആന്ധ്ര; മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ, പ്രതീക്ഷകൾ
ട്വിസ്റ്റുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയാണ്
2024ലെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇരട്ടയങ്കത്തിനൊരുങ്ങുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. പൊതുതെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും. ഭരണകക്ഷിയായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആർ കോണ്‍ഗ്രസ് ഇത്തവണയും സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ, ട്വിസ്റ്റുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത ആന്ധ്രാപ്രദേശിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നുണ്ട്. തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി), ജനസേന പാര്‍ട്ടി (ജെ.എസ്.പി) എന്നിവയുമായി ബി.ജെ.പി സഖ്യത്തിലേർപ്പെട്ടെന്ന വാർത്തയാണ് ഏറ്റവും ഒടുവിലത്തെ ട്വിസ്റ്റ്. തെരഞ്ഞെടുപ്പ് എൻ.ഡി.എ സഖ്യം തൂത്തുവാരുമെന്നാണ് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കുന്നത്. വൈ.എസ്.ആർ കോണ്‍ഗ്രസിനും ജഗന്‍ മോഹന്‍ റെഡ്ഡിക്കുമെതിരെ സഹോദരി ശര്‍മിളയെ ഇറക്കി കോണ്‍ഗ്രസും രംഗത്തുണ്ട്. ഫലത്തിൽ ഇന്ത്യ മുന്നണി, എൻഡിഎ, പ്രാദേശിക കക്ഷികൾ എന്നിവ അണിനിരക്കുന്ന ത്രികോണ പോരാട്ടത്തിനാകും ആന്ധ്ര വേദിയാകുക.
ആന്ധ്രാപ്രദേശ്; തെരഞ്ഞെടുപ്പ് ചിത്രം
175 നിയമസഭാ മണ്ഡലങ്ങളും 25 ലോക്‌സഭാ മണ്ഡലങ്ങളുമാണ് ആന്ധ്രയിലുള്ളത്. പാർലമെന്ററി പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ് ആന്ധ്രാപ്രദേശ്. 25ൽ നാല് സീറ്റുകൾ എസ്.സി വിഭാഗക്കാർക്കും ഒരെണ്ണം എസ്.ടി വിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 25 ല്‍ 22 സീറ്റുകളിലും വൈ.എസ്.ആർ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. മൂന്ന് സീറ്റിൽ ടി.ഡി.പിയും ജയിച്ചു. 49.9 ശതമാനം വോട്ടുകളും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആർ കോണ്‍ഗ്രസിനൊപ്പമായിരുന്നു. 40.2 ശതമാനം വോട്ട് ടി.ഡി.പിയും നേടിയിട്ടുണ്ട്. ജെ.എസ്.പി 5.9 ശതമാനം വോട്ടുകൾ സ്വന്തമാക്കിയപ്പോൾ ബി.ജെ.പിക്ക് ഒരു ശതമാനം വോട്ട് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന് വെറും 1.3 ശതമാനം വോട്ട് ഷെയര്‍മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ബി.ജെ.പിയുടെ സ്വപ്നം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റുകളുമായി അധികാരത്തിൽ എത്തുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ദക്ഷിണേന്ത്യയിലെ സീറ്റുകളുടെ എണ്ണം ഇക്കുറികൂട്ടുക എന്നതും പാർട്ടിയുടെ അജണ്ടയാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയുമായും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായും സഖ്യം പുനഃസ്ഥാപിച്ചത് ഈ ലക്ഷ്യത്തിലേക്കുള്ള വഴിവെട്ടാനാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും സഖ്യം ഒന്നിച്ച് നേരിടും. ദക്ഷിണേന്ത്യൻ നിയമസഭകളിൽ ഒന്നിൽ കൂടി സാന്നിധ്യമറിയിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. എന്നാൽ, മുന്നണി രാഷ്ട്രീയത്തിലൂടെ ആന്ധ്രയില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനാകുമോ? എന്താണ് മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഓർമപ്പെടുത്തുന്നത്?
2014ല്‍ ബി.ജെ.പി ആന്ധ്രാപ്രദേശില്‍ നാല് നിയമസഭാ സീറ്റുകളും രണ്ട് ലോക്‌സഭ സീറ്റുകളും സ്വന്തമാക്കിയിരുന്നു. ടി.ഡി.പിയുമായി സഖ്യത്തിൽ മത്സരിച്ചായിരുന്നു നേട്ടം. എന്നാൽ, 2018ൽ ടി.ഡി.പി എൻ.ഡി.എ വിട്ടു. ഇതിനുപിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ സിറ്റിങ് നിയമസഭാ, ലോക്‌സഭ സീറ്റുകള്‍ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. ബി.ജെ.പിയുടെ പെട്ടിയിൽ വീണത് 0.9 ശതമാനത്തില്‍ താഴെമാത്രം വോട്ടുകളായിരുന്നു. 173ൽ അഞ്ച് സീറ്റുകളില്‍ മാത്രമാണ് മൂന്നാം സ്ഥാനത്ത് എങ്കിലും എത്താനായത്.
ആന്ധ്രപ്രദേശിന് കേന്ദ്രം പ്രത്യേക പദവി അനുവദിച്ചില്ല എന്ന കാരണത്താലായിരുന്നു ടി.ഡി.പി എൻ.ഡി.എ സഖ്യം വിട്ടത്. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നായിഡുവിന്റെ നീക്കമായിരുന്നു അതെങ്കിലും പാർട്ടിക്ക് വലിയ ക്ഷീണമായി. അന്നുമുതൽ ബി.ജെ.പിയോട് അടുക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരികയായിരുന്നു നായിഡു. അഴിമതിയാരോപണങ്ങളിൽ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയതും വിനയായി. അങ്ങനെയിരിക്കെയാണ് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എൻ.ഡി.എയുമായി കൈകോർക്കുന്നത്.
അമരാവതിയിൽ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിൽ എൻ.ഡി.എ മുന്നണിയിൽ സീറ്റുകൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഇതുപ്രകാരം ബി.ജെ.പി ആറ് ലോക്‌സഭ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരിക്കുക. ടി.ഡി.പി 17 ലോക്‌സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും മത്സരിക്കും. പവൻ കല്യാണിന്‍റെ ജനസേന രണ്ട് ലോക്‌സഭ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ടി.ഡി.പി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. ജനസേന 24 നിയമസഭാ സീറ്റുകളിലും മൂന്ന് ലോക്‌സഭ സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു ആദ്യവിവരം. ജെ.എസ്.പി നേതാവും തെലുങ്ക് സിനിമാ താരവുമായ പവൻ കല്ല്യാണ്‍ പിഠാപുരം മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്നും പ്രഖ്യാപിച്ച് കഴിഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വിശാഖപട്ടണവും വിജയവാഡയും വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതേ സീറ്റിലേക്ക് ഉന്നതരെ മത്സരിപ്പിക്കാനാണ് ടി.ഡി.പി തീരുമാനിച്ചിരുന്നത്. നാലിൽ കൂടുതൽ സീറ്റ് ബി.ജെ.പിക്ക് വിട്ടുനൽകാനാവില്ലെന്നായിരുന്നു നേരത്തേ നായിഡുവിന്റെ നിലപാട്. അതുപോലെ 175 നിയമസഭ മണ്ഡലങ്ങളിൽ15 എണ്ണം ബി.ജെ.പിക്ക് നൽകാമെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാൽ പിന്നീട് നായിഡു സീറ്റ് സംബന്ധിച്ച നിലപാടിൽ അയവു വരുത്തുകയായിരുന്നു.
ആന്ധ്രയിൽനിന്നും ബി.ജെ.പിക്ക് നിലവിൽ എം.പിയും എം.എൽ.എയുമില്ല. രാജ്യത്താകെ നേട്ടം കൊയ്തപ്പോൾ കൈയിലുണ്ടായിരുന്ന രണ്ട് എം.പിസ്ഥാനം ആന്ധ്രയിൽ നഷ്ടമാവുകയാണ് ചെയ്തത്. ഡി.പുരന്തേശ്വരിയെ സംസ്ഥാന പ്രസിഡന്റാക്കി നില മെച്ചപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്ന കിരൺകുമാർ റെഡ്ഡിയെ ബി.ജെ.പി.യിൽ എത്തിച്ചതാണ് പുരന്തേശ്വരിയുടെ നേട്ടം.
ഇത്തവണ ആന്ധ്രപ്രദേശ് പിടിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനത്തെ പത്ത് പാര്‍ലമെന്ററി സെഗ്മെന്റുകളാക്കി തിരിച്ച് പ്രത്യേക പരിഗണന നല്‍കിയാണ് പ്രവര്‍ത്തനം. ബൂത്ത് കമ്മിറ്റിയുള്‍പ്പെടെ സജീവമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര മന്ത്രിമാരുടെ നിരന്തര സന്ദര്‍ശനം, വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതില്‍ കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള നിരീക്ഷണം എന്നിങ്ങനെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍ഡിഎയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
ശർമിളയിലൂടെ കോണ്‍ഗ്രസിന്റെ മധുരപ്രതികാരം?
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു ആന്ധ്രാപ്രദേശ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലെ തെരഞ്ഞെടുപ്പിൽ ജനതാ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴും ആന്ധ്രയുടെ ഹൃദയം ഇന്ദിരാ ഗാന്ധിയെ ഉപേക്ഷിച്ചിരുന്നില്ല. ആന്ധ്രയിലെ ലോക്‌സഭ സീറ്റുകളില്‍ വിജയിച്ച ഒരേ ഒരു ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. നീലം സഞ്ജീവ റെഡ്ഡി മാത്രമായിരുന്നു. തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്ദിരാ കോണ്‍ഗ്രസുതന്നെ അധികാരത്തിലെത്തി.
യു.പി.എ സർക്കാരിനെ 2004 ലും 2009 ലും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അവിഭക്ത ആന്ധ്രപ്രദേശിലെ കോൺഗ്രസിന്റെ മുന്നേറ്റമായിരുന്നു. 2004 ൽ 29 സീറ്റും 2009 ൽ 33 സീറ്റും നേടിയിരുന്നു. എന്നാൽ, ആന്ധ്രാ വിഭജനത്തോടെയാണ് തെലുങ്ക് മണ്ണിൽ കോൺഗ്രസിന്റെ അടിത്തറയിളകുന്നത്.
ആന്ധ്രയിൽ കോൺഗ്രസിന്റെ മുഖമായിരുന്നു വൈഎസ് രാജശേഖര റെഡ്ഢിയെന്ന വൈ.എസ്.ആർ. 2009 ൽ ഹെലികോപ്റ്റർ തകർന്നുള്ള അദ്ദേഹത്തിന്റെ മരണത്തിൽ മനംനൊന്ത് അന്ന് ആന്ധ്രാപ്രദേശിൽ ആത്മഹത്യ ചെയ്തും അല്ലാതെയും മരിച്ചത് നൂറിലേറെപ്പേരാണ്. അച്ഛന്റെ മരണത്തിൽ മനംനൊന്ത ജനങ്ങളെ ആശ്വസിപ്പിക്കാൻ മകൻ ജഗൻമോഹൻ റെഡ്ഢി ഒരു ഒദർപ്പ് യാത്ര അഥവാ സാന്ത്വന യാത്ര നടത്തി. വൈ.എസ്.ആറിനു ശേഷം കോണ്‍ഗ്രസിന്റെ മുഖമായി ജഗൻമോഹൻ റെഡ്ഢി ഉദിച്ചുയരുമെന്ന രാഷ്ട്രീയ വിലയിരുത്തലുകൾക്കാണ് ആ യാത്ര കൊള്ളിവെച്ചത്.
ജഗന്റെ യാത്രക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം രംഗത്തുവന്നു. യാത്രയിൽ ജഗൻ നടത്തിയ ചില പരാമർശങ്ങളും വിവാദമായി. വൈ.എസ്.ആറിന്റെ വിധവ വിജയമ്മ എന്ന വിജയലക്ഷ്മിയും മക്കളും പാർട്ടി വിട്ടു. വൈഎസ്ആർ കോൺഗ്രസ് അഥവാ യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിക്ക് രൂപം നൽകി.
വൈ.എസ്.ആറിന്റെ കാലത്തുതന്നെ അദ്ദേഹവും ജഗൻ മോഹൻ റെഡ്ഢിയും സംസ്ഥാനത്തെ വിഭജിക്കുന്നതിനെതിരായിരുന്നു. എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ തെലുങ്ക് മണ്ണ് രണ്ടായി പിരിഞ്ഞു. ആന്ധ്രപ്രദേശും തെലങ്കാനയും രണ്ട് സംസ്ഥാനങ്ങളായി. ഇത് ആന്ധ്രയിലെ ജനങ്ങളെ വലിയ അളവിൽ ബാധിച്ചു. കോണ്‍ഗ്രസിന്റെ തലവര പൂർണമായും മാറ്റിയെഴുതപ്പെട്ടു. വൈ.എസ്.ആർ കോണ്‍ഗ്രസിന്റെ വളർച്ചയ്ക്കും കോണ്‍ഗ്രസിന്റെ തകർച്ചയ്ക്കും ആന്ധ്ര സാക്ഷ്യം വഹിച്ചു.
അധികാരം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടപ്പോഴാണ് വൈ.എസ്.ആറിന്റെ മക്കളായ ജഗൻ മോഹൻ റെഡ്ഡിക്കും വൈ.എസ് ശർമിളക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. വൈ.എസ്.ആറിന്റെ സ്വത്ത് സംബന്ധിച്ച തർക്കവും ഇരുവർക്കുമിടയിലെ അകൽച്ച വർധിപ്പിച്ചു. മുഖ്യമന്ത്രി പദം കൂടി സ്വന്തമായതോടെയും പാർട്ടിയും അധികാരവുമെല്ലാം പൂർണ്ണമായും ജഗന്റെ മാത്രം നിയന്ത്രണത്തിലായി. ജഗൻമോഹൻ റെഡ്ഢി മുഖ്യമന്ത്രിയായ ശേഷം കുറച്ച് വർഷങ്ങൾ ശർമിള പൊതുരംഗത്ത് അത്ര സജീവമായിരുന്നില്ല. 2021 ലാണ് ശർമിള വീണ്ടും സജീവ രാഷ്ട്രീയത്തിൽ ഇടപെടുന്നത്. എന്നാൽ ഇത് ജഗൻ മോഹൻ റെഡ്ഢിയും മുതിർന്ന ചില നേതാക്കളും എതിർത്തു. തുടർന്ന് ശർമിളയും സഹോദരനെതിരെ തിരിഞ്ഞു. വൈഎസ്ആറിന്റെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവും പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ടിരുന്ന കഡപ്പ എംപി അവിനാഷ് റെഡ്ഡിക്കുള്ള ജഗന്റെ പിന്തുണയുമാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. അങ്ങനെ 2021ൽ വൈഎസ്ആറിന്റെ ജന്മദിനമായ ജൂലൈ എട്ടിന് ശർമിള തന്റെ സ്വന്തം പാർട്ടിയായ വൈഎസ്ആർ തെലങ്കാന പാർട്ടി പ്രഖ്യാപിച്ചു.
തെലങ്കാന ലക്ഷ്യമിട്ടായിരുന്നു ശർമിളയുടെ നീക്കങ്ങൾ. വൈകാതെതന്നെ കോൺഗ്രസിനൊപ്പം കൂടുന്നതാണ് തന്റെ രാഷ്ട്രീയ ഭാവിക്ക് കൂടുതൽ സുരക്ഷിതമെന്ന് മനസിലാക്കിയ ശർമിള തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനും ശ്രമം നടത്തി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടുനിൽക്കുകയും കോൺഗ്രസിന് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തു. ഇത് പാർട്ടിയുടെ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കാരണമായി. ശർമിളക്ക് പച്ചക്കൊടി കാട്ടിയ കോണ്‍ഗ്രസ് പ്രവർത്തന മണ്ഡലം ആന്ധ്രയിലാക്കുന്നതാണ് ഉത്തമമെന്ന് വിലയിരുത്തി. അങ്ങനെ 14 വർഷം മുമ്പ് ഇറങ്ങിപ്പോന്ന പാർട്ടിയിലേക്ക് ശർമിള മടങ്ങിയെത്തി. ഇതിലൂടെ ആന്ധ്രയിൽ പാർട്ടിയുടെ പ്രഭാവം നശിക്കാനിടയായ കുടുംബാംഗത്തെക്കൊണ്ടുതന്നെ കണ്ണിവിളക്കിച്ചേർക്കാനാണ് കോണ്‍ഗ്രസ് പുറപ്പാട്. ഒരർഥത്തിൽ മധുരപ്രതികാരം. കേന്ദ്രത്തില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പത്ത് വര്‍ഷം നീളുന്ന പ്രത്യേക പദവി ആന്ധ്രാപ്രദേശിന് നല്‍കുമെന്ന പ്രഖ്യാപനം കൂടി കോൺഗ്രസിന്റെ ഭാഗത്തു നിന്ന് വന്നതോടെ ഇരട്ടി മധുരമായി.
ഇളകാതെ ജഗൻ
വൈ.എസ്. രാജശേഖര റെഡ്ഡി മരിക്കുമ്പോള്‍ കഡപ്പ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്നു മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി. 2004-ലെ തെരഞ്ഞെടുപ്പില്‍ അച്ഛനും കോണ്‍ഗ്രസിനും വേണ്ടി പ്രചാരണം നടത്തിക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ജഗന് 2009-ല്‍ വളരെ എളുപ്പത്തില്‍ ലോക്‌സഭാ സീറ്റ് കിട്ടി. വലിയ വിജയം നേടുകയും ചെയ്തു. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യത്തിന് പിന്നാലെ 2010ലാണ് ജഗൻ കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. ഒപ്പം കഡപ്പ ലോക്‌സഭാംഗത്വവും വേണ്ടെന്നുവെച്ചു.
കോണ്‍ഗ്രസിനും തെലുഗുദേശം പാര്‍ട്ടിക്കും ബദലായി വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ജഗന്‍ ശ്രമിക്കുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസ് പൊന്തിവന്നത്. വെളിപ്പെടുത്തിയ സ്വത്ത് നോക്കുമ്പോള്‍ തന്നെ പാര്‍ലമെന്റിലെ ഏറ്റവും ധനികനായ അംഗമായിരുന്നു ജഗന്‍. കണക്കനുസരിച്ച് 365 കോടി രൂപയുടെ സ്വത്തായിരുന്നു അന്ന് ജഗനുണ്ടായിരുന്നത്. ബി.കോം ബിരുദധാരിയായ ജഗന് ബിസിനസിലായിരുന്നു താത്പര്യം.
തൊഴിലിലായ്മയടക്കമുള്ള രൂക്ഷമായ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരായ യുവാക്കളുടെ പ്രതിഷേധമുണ്ടെങ്കിലും അത് വൈ.എസ്.ആറിന്റെ സീറ്റുകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. അതൊന്നും വോട്ടിനെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി കരുതിയിരുന്നത്. എന്നാൽ സഹോദരി കോൺഗ്രസ്സുമായി കൈകോർത്തതും ടി ഡി പി, ബിജെപി, ജെ എസ് പി സഖ്യവും ജഗന് തലവേദനയാകും. വൈ എസ് ആർ കോൺഗ്രസിൽ നിന്ന് വൻ തോതിൽ അടിയോഴുക്കും ഉണ്ടാക്കുന്നുണ്ട്. അച്ഛന്റെ പാരമ്പര്യം അവകാശപ്പെട്ട് ശർമിള രംഗത്തുള്ളത് ജഗന് തിരിച്ചടിയാണ്. ജഗന്റെ ഭാര്യ ഭാരതിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജഗൻ കളത്തിലിറക്കി കളിക്കുമെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
ജാതി സമവാക്യമറിഞ്ഞ് ജഗന്റെ ഓവർടേക്ക്
തെരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ തന്ത്രങ്ങളും ജഗൻ മോഹൻ റെഡ്‌ഡി പയറ്റുന്നുണ്ട്. കഴിഞ്ഞ തവണത്തെ പോലെ എളുപ്പമായിരിക്കില്ല കാര്യങ്ങൾ എന്ന തിരിച്ചറിവിൽ തന്നെയാണ് നീക്കങ്ങൾ. അതുകൊണ്ടുതന്നെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നുള്ള രാഷ്ട്രീയ ഇടപെടലുകൾക്കാണ് മുൻതൂക്കം നൽകുന്നത്. സംസ്ഥാനത്തെ പട്ടികജാതി (എസ്‌സി) ജനവിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി വിജയവാഡയിലെ സ്വരാജ് മൈതാനിയിൽ ഡോ. ബി.ആർ അംബേദ്കറുടെ 125 അടി പ്രതിമ ഉയർത്തിയത് നാം കണ്ടു. രാജ്യത്തെ അംബേദ്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ആന്ധ്രയിലേതെന്നാണ് വൈ.എസ്.ആർ.സി.പി സർക്കാർ അവകാശപ്പെടുന്നത്. വിജയവാഡയിലെ പ്രതിമയെ സർക്കാർ 'സാമൂഹ്യ നീതിയുടെ പ്രതിമ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഭരണഘടനാശിൽപിയുടെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും പുസ്തകങ്ങളുടെ രൂപത്തിലുള്ള സംഭാവനകളും എല്ലാം പ്രദർശിപ്പിക്കുന്ന ബി.ആർ അംബേദ്കർ എക്സ്പീരിയൻസ് സെന്‍ററും 2000 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്‍ററും 404 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഈ സമുച്ചയത്തിലുണ്ട്.
ദലിത് വോട്ടർമാരെ ലക്ഷ്യമിട്ട് മറ്റ് നിരവധി പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട് ജഗൻ. ആന്ധ്രാപ്രദേശിലെ ജനസംഖ്യയുടെ 19 ശതമാനം പട്ടികജാതി വിഭാഗമാണ്. 2019ൽ ജഗനെ അധികാരത്തിലെത്തിക്കുന്നതിൽ ഈ 19ശതമാനത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ഒമ്പത് ക്ഷേമ സംരംഭങ്ങളുടെ സമാഹാരമായ 'നവരത്നാലു' ആയിരുന്നു വൈ.എസ്. ആർ.സി.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന്. ദലിത് ജനസംഖ്യയിൽ ഭൂരിഭാഗവും വൈ.എസ്. ആർ.സി.പി സർക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്. 2022 ജൂണിൽ, സംസ്ഥാന സർക്കാർ പുതുതായി സൃഷ്ടിച്ച കോനസീമ ജില്ലയെ ഡോ. ബി.ആർ അംബേദ്കർ കോനസീമ ജില്ല എന്ന് പുനർനാമകരണം ചെയ്തും ജഗൻ ദലിത് വികാരത്തെ ഒപ്പം നിർത്തി.
അതിനിടയിൽ, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടി.ഡി.പി, വൈ.എസ്. ആർ.സി.പിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ദലിതർ മുന്നാക്ക ജാതിയിലുള്ള വൈ.എസ്. ആർ.സി.പി അനുഭാവികളാൽ ആക്രമിക്കപ്പെടുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ജഗനെ ദലിത് അവകാശങ്ങളുടെ ദീപവാഹകനായി ചിത്രീകരിച്ചാണ് ഭരണപക്ഷം ആരോപണങ്ങളെ നേരിട്ടത്. എസ്‌സി, എസ്ടി, ബിസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജഗൻ ചെയ്തതുപോലെ ഒരു നേതാവോ മുഖ്യമന്ത്രിയോ ചെയ്തിട്ടില്ലെന്നും വൈ.എസ്. ആർ.സി.പി ഊന്നിപറഞ്ഞു. ടി.ഡി.പിയും ചന്ദ്രബാബു നായിഡുവും ദലിതുകളെ വോട്ടിനായി മാത്രം ഉപയോഗിച്ചു, ദലിതുകളെ ഒരിക്കലും ബഹുമാനിച്ചില്ല. പ്രതിമയ്ക്ക് 404 കോടി രൂപ ചെലവായെന്ന നായിഡുവിന്റെ വിമർശനം അദ്ദേഹം ദലിത് വിരുദ്ധനാണെന്ന് തെളിയിക്കുന്നു. ജഗൻ നിരവധി ക്ഷേമ പദ്ധതികളിലൂടെ ദലിതരെ ശാക്തീകരിക്കുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യുന്നു' എന്നായിരുന്നു സംസ്ഥാന സാമൂഹികക്ഷേമ മന്ത്രി ഡി.മെരുഗു നാഗാർജുനയുടെ വാക്കുകൾ.
ജാതി സെൻസസ് മുഖ്യ ആയുധമാക്കി ഇൻഡ്യ മുന്നണി രംഗത്തുള്ളപ്പോൾ ഒരു മുഴം മുന്നേ എറിഞ്ഞാണ് ജഗന്റെ കളികൾ. സംസ്ഥാനത്തെ എല്ലാ ജാതി, മത വിഭാഗങ്ങളുടെയും സമ്പൂർണ സാമൂഹ്യ, സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്ന സമഗ്ര ജാതി സെൻസസ് നടത്താനുള്ള പ്രഖ്യാപനത്തോടെയാണ് ജഗൻ ഓവർടേക്ക് ചെയ്തത്. ജനസംഖ്യാ സെൻസസിന് ഒപ്പം ജാതി സെൻസസും നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, ഇതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്നാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതി സെൻസസ് നടത്താൻ തീരുമാനിച്ചത്.
139 പിന്നാക്ക വിഭാഗങ്ങളുടെ സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ വർഷം ആന്ധ്ര സർക്കാർ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പിന്നാക്ക വിഭാഗങ്ങളുടേത് മാത്രമല്ല, എല്ലാ ജാതി വിഭാഗങ്ങളുടെയും സെൻസസ് വിവരം ശേഖരിക്കാൻ പിന്നീട് സർക്കാർ തീരുമാനിക്കുകയായിരുന്നു. എന്തുതന്നെയായാലും തെരഞ്ഞെടുപ്പുകളിൽ ജാതിസെൻസസും പ്രധാന പ്രചാരണവിഷയമാക്കാൻ വൈ.എസ്. ആർ കോൺഗ്രസ് ഒരുങ്ങുമ്പോൾ മറ്റു മുന്നണികളുടെ സ്വപ്‌നങ്ങൾ പൊലിയുമോ എന്നത് കണ്ടറിയണം.