സിദ്ധരാമയ്യയ്‌ക്കെതിരെ വ്യാജവാർത്ത; അർണബ് ഗോസ്വാമിക്കെതിരെ കേസ്

റിപബ്ലിക് ടി.വിയുടെ കന്നഡ പതിപ്പിന്റെ എഡിറ്റർ നിരഞ്ജൻ ജെ.യ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്

Update: 2024-03-28 09:29 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ വാർത്തയുടെ പേരിൽ റിപബ്ലിക് ടി.വി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ കേസ്. വ്യാജ വാർത്ത പ്രസിദ്ധീകരിച്ച് വിദ്വേഷവും കുഴപ്പങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. റിപബ്ലിക് ടി.വിയുടെ കന്നഡ പതിപ്പായ ആർ കന്നഡയുടെ എഡിറ്റർ നിരഞ്ജൻ ജെ.യ്‌ക്കെതിരെയും നടപടിയുണ്ട്.

കോൺഗ്രസ് പരാതിയിൽ ബെംഗളൂരുവിലെ എസ്.ജെ പാർക്ക് പൊലീസ് ആണ് കേസെടുത്തത്. കർണാടക മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു സഞ്ചരിക്കാനായി ബെംഗളൂരുവിൽ ഗതാഗതം നിയന്ത്രിക്കുകയും ആംബുലൻസ് തടയുകയും ചെയ്‌തെന്നായിരുന്നു ആർ കന്നഡയിൽ പുറത്തുവിട്ട വാർത്ത. എന്നാൽ, ആരോപിക്കപ്പെടുന്ന സമയത്ത് സിദ്ധരാമയ്യ മൈസൂരുവിലായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വാർത്തയുടെ യാഥാർഥ്യം പരിശോധിക്കാതെയാണ് വ്യാജ വാർത്ത പ്രസിദ്ധീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ് ഇതുവഴി ലക്ഷ്യമിട്ടതെന്നും കോൺഗ്രസ് ആരോപിച്ചു.

ഇന്നലെ വൈകീട്ട് 7.15നായിരുന്നു ആർ കന്നഡ വാർത്ത ചാനലിൽ സംപ്രേഷണം ചെയ്തത്. ബെംഗളൂരുവിലൂടെയുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു കടന്നുപോകാനായി ആംബുലൻസ് തടഞ്ഞെന്നാണ് റിപ്പോർട്ടിൽ അവകാശപ്പെട്ടതെന്ന് കോൺഗ്രസ് വക്താവും കർണാടക കോൺഗ്രസ് മാധ്യമവിഭാഗം ചുമതലയുള്ള സെക്രട്ടറിയുമായ ലാവണ്യ ബല്ലാൽ ജെയിൻ പറഞ്ഞു. ഈ സമയത്ത് അദ്ദേഹം ഇതുവഴി പോയിട്ടില്ലെന്നു മാത്രമല്ല, മൈസൂരുവിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നതെന്നും ലാവണ്യ എക്‌സിൽ കുറിച്ചു.

Summary: Arnab Goswami, R Kannada editor Niranjan J booked for fake news on Siddaramaiah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News