ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി ഓഫര്‍ വെച്ചു: കെജ്‍രിവാള്‍

''ആം ആദ്മിയില്‍ നിന്ന് രാജിവച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് മനീഷ് സിസോദിയക്ക് നേരത്തെ ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു''

Update: 2022-11-05 15:02 GMT
Editor : ijas | By : Web Desk
Advertising

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ ബി.ജെ.പി ഓഫറുമായി സമീപിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ആം ആദ്മി മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ കേസുകളില്‍ നിന്നും ഒഴിവാക്കാം എന്നായിരുന്നു ബി.ജെ.പി വാഗ്ദാനം എന്നാണ് കെജ്‍രിവാളിന്‍റെ ആരോപണം. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖ പരിപാടിയിലാണ് കെജ്‍രിവാളിന്‍റെ ബി.ജെ.പിക്കെതിരായ ഗുരുതര ആരോപണം.

'ആം ആദ്മിയില്‍ നിന്നും രാജി വെച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് മനീഷ് സിസോദിയക്ക് നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. അദ്ദേഹം ആ ഓഫര്‍ നിരസിച്ചതോടെ അവര്‍ പിന്നീട് എന്നെ സമീപിച്ചു. ഗുജറാത്തിലെ മത്സരത്തില്‍ നിന്നും പിന്മാറിയാല്‍ സത്യേന്ദര്‍ ജെയിനിനെയും സിസോദിയെയും എല്ലാ കേസുകളില്‍ നിന്നും ഒഴിവാക്കി തരാമെന്ന് അവര്‍ പറഞ്ഞു'; കെജ്‍രിവാള്‍ പറഞ്ഞു.

ആരുവഴിയാണ് വാഗ്ദാനം വന്നതെന്ന ചോദ്യത്തിനും കെജ്‍രിവാള്‍ മറുപടി നല്‍കി. ആം ആദ്മിയിലെ തന്‍റെ അടുത്ത അനുയായി വഴിയാണ് അവര്‍ വരുന്നതെന്നും ബി.ജെ.പി ഒരിക്കലും തന്നെ നേരിട്ട് സമീപിക്കില്ലെന്നും കെജ്‍രിവാള്‍ പറയുന്നു.

ഗുജറാത്തില്‍ പരാജയപ്പെടുമെന്ന് ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്നും ആം ആദ്മി ഗുജറാത്തില്‍ എന്തായാലും അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയും കോണ്‍ഗ്രസും പരസ്പര സഹകരണത്തിലാണ് കഴിയുന്നതെന്നും അതിലൂടെ ആം ആദ്മിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. മനീഷ് സിസോദിയക്കും സത്യേന്ദര്‍ ജെയിനും എതിരെ ചുമത്തിയ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും കെജ്‍രിവാള്‍ വ്യക്തമാക്കി.

ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ചു വരെയാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഡിസംബര്‍ എട്ടിന് മത്സര ഫലങ്ങള്‍ പ്രഖ്യാപിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News