ഭാരത് ജോഡോ യാത്ര: ഉദ്ഘാടന പരിപാടിയിലേക്ക് നേതാക്കളെ ക്ഷണിച്ച് കെസി വേണുഗോപാൽ
സെപ്തംബർ ഏഴിന് മൂന്ന് മണിക്ക് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തിൽ വച്ചാണ് ഉദ്ഘാടന പരിപാടി
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാ നേതാക്കളെയും ക്ഷണിച്ചുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കത്ത്. പ്രവർത്തന സമിതി അംഗങ്ങൾ,ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ, പി സി സി അധ്യക്ഷന്മാർ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർക്കാണ് കത്തയച്ചത്.
സെപ്തംബർ ഏഴിന് മൂന്ന് മണിക്ക് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തിൽ വച്ചാണ് ഉദ്ഘാടന പരിപാടി. സെപ്തംബർ നാലിന് 11 മണിക്ക് ഡൽഹി രാം ലീല മൈതാനിയിൽ വിലക്കയറ്റത്തിനെതിരെ നടക്കുന്ന മഹാ റാലിയിലും പങ്കെടുക്കണമെന്ന് കത്തിൽ പറയുന്നു.സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബർ 11ന് രാവിലെയാണ് കേരള അതിർത്തിയിലെത്തുന്നത്.
കേരള അതിർത്തിയായ കളിക്കാവിളയിൽനിന്ന് യാത്രയ്ക്ക് സ്വീകരണം നൽകും. രാവിലെ ഏഴുമുതൽ 10 വരെയും വൈകീട്ട് നാലു മുതൽ രാത്രി ഏഴുവരെയുമായി ഓരോ ദിവസവും 25 കി.മീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാത വഴിയും തുടർന്ന് തൃശ്ശൂരിൽനിന്ന് നിലമ്പൂർ വരെ സംസ്ഥാനപാത വഴിയുമാണ് ജാഥ കടന്നുപോകുന്നത്.
പാറശ്ശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തിയതികളിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തിയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17,18,19,20 തിയതികളിൽ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തിയതികളിൽ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാട്ടും പര്യടനം നടത്തും. 27ന് ഉച്ചയ്ക്കുശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28നും 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കും.
കേരളത്തിൽ പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂർ, തൃശ്ശൂർ, വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, ഷൊർണ്ണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്സഭാ മണ്ഡലങ്ങളിലും യാത്രയെത്തും.
300 സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങൾ കന്യാകുമാരി മുതൽ കശ്മീർ വരെ 148 ദിവസങ്ങളായി 3,571 കി.മീറ്റർ രാഹുൽ ഗാന്ധിയോടൊപ്പം പദയാത്രയിൽ അണിചേരും. യാത്ര കടന്നുപോകുന്ന ഓരോ സംസ്ഥാനങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 100 അംഗങ്ങൾ അതത് സംസ്ഥാനങ്ങളിൽ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽനിന്ന് പങ്കാളിത്തം ഉറപ്പാക്കാൻ 100 അംഗങ്ങളെയും ഉൾപ്പെടുത്തും.