100 സീറ്റെന്ന അപൂർവനേട്ടം സ്വന്തമാക്കി ബിജെപി; രാജ്യസഭയിലും കേവല ഭൂരിപക്ഷത്തിലേക്ക്?
1990ലാണ് അവസാനമായി ഒരു പാർട്ടി രാജ്യസഭയിൽ 100 സീറ്റുകൾ നേടിയത്. അന്ന് ഭരണകക്ഷിയായ കോൺഗ്രസിന് 108 സീറ്റുകളുണ്ടായിരുന്നു.
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി രാജ്യസഭയിൽ 100 സീറ്റെന്ന അപൂർവ നേട്ടം സ്വന്തമാക്കി ബിജെപി. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അസം, ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ നിന്ന് ഓരോ അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിജെപിയുടെ സീറ്റുനില നൂറിലെത്തിയത്.
ആറു സംസ്ഥാനങ്ങളിൽ നിന്നുള്ള 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് ആകെയുള്ള ഒരു സീറ്റ് നഷ്ടപ്പെട്ടിരുന്നു. അതേസമയം മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാചൽ പ്രദേശിലും ഓരോ സീറ്റ് വീതം നേടി. പഞ്ചാബിലെ അഞ്ച് സീറ്റുകളിലും ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്.
രാജ്യസഭാ വെബ്‌സൈറ്റിൽ ഇതുവരെ പുതിയ കണക്കുകൾ അപ്‌ലോഡ് ചെയ്തിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം 97 സീറ്റുകളാണ് നിലവിൽ ബിജെപിക്കുള്ളത്. പുതുതായി നേടിയ മൂന്ന് സീറ്റുകൾ കൂടി ചേർക്കുമ്പോൾ സീറ്റുനില നൂറിലെത്തും.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ബിജെപിയുടെ രാജ്യസഭാ സീറ്റുകളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത്. 2014ൽ 55 ആയിരുന്നു രാജ്യസഭയിൽ ബിജെപിയുടെ അംഗബലം. പിന്നീട് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നേടിയതോടെയാണ് രാജ്യസഭയിലും അംഗസംഖ്യ ക്രമാനുഗമായി വർധിക്കാൻ തുടങ്ങിയത്.
1990ലാണ് അവസാനമായി ഒരു പാർട്ടി രാജ്യസഭയിൽ 100 സീറ്റുകൾ നേടിയത്. അന്ന് ഭരണകക്ഷിയായ കോൺഗ്രസിന് 108 സീറ്റുകളുണ്ടായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തിരിച്ചടി നേരിടുകയും കൂട്ടുകക്ഷി ഭരണം നിലവിൽ വരികയും ചെയ്തതോടെ കോൺഗ്രസിന് പിന്നീടൊരിക്കലും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനായില്ല.
അതേസമയം 245 അംഗ രാജ്യസഭയിൽ കേവലഭൂരിപക്ഷം നേടുകയെന്ന ബിജെപിയുടെ സ്വപ്‌നം ഇനിയും അകലെയാണ്. അടുത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 52 സീറ്റുകൾ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ജാർഖണ്ഡ്, യു.പി സംസ്ഥാനങ്ങളിലാണ്. ഇതിൽ യു.പി ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യു.പിയിലെ 11 സീറ്റുകളിൽ എട്ട് സീറ്റുകളെങ്കിലും ബിജെപിക്ക് വിജയിക്കാനാവും. നിലവിൽ കാലാവധി അവസാനിക്കുന്ന യു.പിയിലെ 11 രാജ്യസഭാ അംഗങ്ങളിൽ അഞ്ചുപേരാണ് ബിജെപി പ്രതിനിധികൾ.