സി.സി.ടി.വി പണികൊടുത്തു; സ്വന്തം കാർ കത്തിച്ച് 'പരാതി നാടകം', ബി.ജെ.പി നേതാവിനെ പൊക്കി പൊലീസ്
ഇൻഷുറൻസ് തുക കൊണ്ട് ഭാര്യയ്ക്ക് ആഭരണം വാങ്ങാനായിരുന്നു കാർ കത്തിച്ചതെന്നാണ് ബി.ജെ.പി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ പൊലീസിനോട് പറഞ്ഞത്
ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പി ജില്ലാ നേതാവിന്റെ കാർ കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. കത്തിച്ചത് വാഹന ഉടമയും ബി.ജെ.പി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ സതീഷ് കുമാറാണെന്ന് തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. പിന്നാലെ, പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തതിൽ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് തന്റെ കാർ അജ്ഞാതസംഘം പെട്രോൾ ബോംബിട്ട് കത്തിച്ചെന്ന് ആരോപിച്ച് സതീഷ് കുമാർ പൊലീസിൽ പരാതി നൽകിയത്. ചെന്നൈയിലെ മധുരവയിലിലുള്ള സ്വന്തം വീടിനു സമീപത്തു നിർത്തിയിട്ടിരുന്ന കാറാണ് രാത്രി കത്തിനശിച്ചതെന്ന് ഇയാൾ പരാതിയിൽ പറഞ്ഞു. തുടർന്നാണ് പൊലീസ് സമീപത്തെ വീടുകളിലെയും കെട്ടിടങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്.
ദൃശ്യങ്ങളിൽ വെള്ള ഷർട്ട് ധരിച്ച ഒരാൾ കാറിനടുത്തു വന്ന് അകത്തു മുഴുവൻ പരിശോധിക്കുന്നുണ്ട്. തുടർന്ന് സൈക്കിളിൽ കടന്നുകളയുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് കറുത്ത ഷർട്ട് ധരിച്ച മറ്റൊരാൾ കാറിനു മുകളിൽ എന്തോ ഒഴിക്കുകയും പിന്നാലെ വാഹനം കത്തിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കാറിൽ തീപടർന്നു പിടിച്ചതോടെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും കാണുന്നുണ്ട്.
കാർ കത്തുന്നത് കണ്ട് നാട്ടുകാർ സതീഷിനെ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഇയാൾ പൊലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു. ആരോ പെട്രോൾ ബോംബ് എറിഞ്ഞ് കാർ കത്തിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സതീഷ് കുമാറിന്റെ അതേ രൂപസാദൃശ്യമുള്ള ആളാണ് കാർ കത്തിക്കുന്നതെന്ന സംശയം ഉയർന്നു. തുടർന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഭാര്യ ആഭരണങ്ങൾ വാങ്ങിത്തരാൻ നിർബന്ധിച്ചുകൊണ്ടിരുന്നതാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുള്ള പണം കൈയിലുണ്ടാകാതിരുന്നതുകൊണ്ട് വാഹനം കത്തിച്ച് ഇൻഷുറൻസ് തുക കൊണ്ട് സ്വർണം വാങ്ങാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെന്നും ഇയാൾ അവകാശപ്പെട്ടു. കസ്റ്റഡിയിലെടുത്ത സതീഷ് കുമാറിനെ പിന്നീട് വെറുതെവിട്ടു.
Summary: BJP leader from Tamil Nadu, Sathish Kumar, the BJP district secretary for Tiruvallur West, arrested for setting his own car on fire, passing it off as a crime