'അവരെന്നെ തോല്‍പ്പിക്കാന്‍ നോക്കി'... ബിജെപി വിട്ട് എംഎല്‍എ തൃണമൂലില്‍

റായ്ഗഞ്ച് എംഎല്‍എയായ കൃഷ്ണകല്യാണി ഈ മാസം ഒന്നാം തിയ്യതിയാണ് ബിജെപി വിട്ടത്.

Update: 2021-10-27 14:26 GMT
Advertising

ബിജെപി വിട്ട എംഎല്‍എ കൃഷ്ണകല്യാണി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. റായ്ഗഞ്ച് എംഎല്‍എയായ കൃഷ്ണകല്യാണി ഈ മാസം ഒന്നാം തിയ്യതിയാണ് ബിജെപി വിട്ടത്.

നേരത്തെ തൃണമൂല്‍ അംഗമായിരുന്ന കൃഷ്ണകല്യാണി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായാണ് ബിജെപിയിലെത്തിയത്- "നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍ ബിജെപിയില്‍ ഗൂഢാലോചന നടന്നു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടും ബിജെപിയില്‍ അംഗീകാരം ലഭിച്ചില്ല. ബിജെപി ക്യാമ്പ് വിടാന്‍ തീരുമാനിച്ചതോടെ കാരണംകാണിക്കല്‍ നോട്ടീസ് കിട്ടി. ഇന്ന് ഞാനെന്‍റെ തെറ്റുതിരുത്തി"- കൃഷ്ണകല്യാണി പറഞ്ഞു.

എംഎല്‍എ പാര്‍ട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപി പ്രസിഡന്‍റ് സുകാന്ത മജുംദാറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു- "അത് വ്യക്തിപരമായ തീരുമാനമാണ്. എംഎല്‍എക്ക് കുറേക്കാലമായി പാര്‍ട്ടിയുമായി ബന്ധമില്ല. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നില്ല. റായ്ഗഞ്ചിലെ ജനങ്ങള്‍ അദ്ദേഹത്തിനു തക്ക മറുപടി നല്‍കും".

കൃഷ്ണകല്യാണി ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് പൂര്‍ണ വിശ്വാസമുണ്ടെന്നായിരുന്നു തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജിയുടെ പ്രതികരണം. അതുകൊണ്ടാണ് അദ്ദേഹം മടങ്ങിവന്നത്. അദ്ദേഹത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും ചാറ്റര്‍ജി വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News