ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലെന്ന് ബൈജൂസ്

ശമ്പളം അതിവേഗം വിതരണം ചെയ്യാൻ മറ്റുമാർഗങ്ങൾ അന്വേഷിക്കുകയാണെന്നും ബൈജു രവീന്ദ്രൻ വിശദീകരിച്ചു

Update: 2024-03-04 13:51 GMT

Byju's

Advertising

ന്യൂഡൽഹി: കനത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്ടെക് സ്ഥാപനമായ ബൈജൂസിന് ശമ്പളം നൽകാൻ പോലും പണമില്ലെന്ന്. നിക്ഷേപകരിൽ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നൽകാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ​ചെയ്യുന്നു.

അവകാശ ഓഹരി വിൽപന വഴി സമാഹരിച്ച തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആവശ്യപ്പെട്ടതാണ് തിരിച്ചടിയായതെന്നും വിശദീകരിക്കുന്നു. ശമ്പളം  അതിവേഗം വിതരണം ചെയ്യാൻ മറ്റുമാർഗങ്ങൾ അന്വേഷിക്കുകയാണെന്നും ബൈജു വിശദീകരിച്ചു.

എന്നാൽ അമേരിക്കൻ ഹെഡ്ജ് ഫണ്ടിൽ കമ്പനി നിക്ഷേപിച്ച 533 മില്യൺ ഡോളർ എവിടെയാണെന്ന് നി​ക്ഷേപകർ ചോദിക്കുന്നു. അതിൽ നിന്ന് സാലറി നൽകിക്കൂടെയെന്നും അവർ ​ഉന്നയിക്കുന്നു.എന്നാൽ ഇതിന് കൃത്യമായ വിശദീകരണം നൽകാൻ കമ്പനിക്കായിട്ടില്ല.

ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതും മൂല്യമേറിയതുമായ സ്റ്റാർട്ട് അപ്പുകളിലൊന്നായ ബൈജൂസ് കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഴ്ചകൾക്ക് മുമ്പാണ് ബൈജൂസി​ന്റെസി.ഇ.ഒ സ്ഥാനത്തുനിന്നു ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഓഹരി ഉടമകൾ വോട്ട് ചെയ്തത്. സ്ഥാപനം കൊണ്ടുനടക്കാൻ ശേഷിയില്ലാത്തയാളാണ് ബൈജുവെന്ന് ആരോപിച്ചാണ് കമ്പനിയിൽ ഓഹരിയുള്ള നാലുപേർ ബെംഗളൂരുവിലെ നാഷനൽ കമ്പനി ലോ ട്രിബ്യൂണലിനെ(എൻ.സി.എൽ.ടി) സമീപിച്ചിരിക്കുന്നത്. 44കാരനായ മലയാളി വ്യവസായിയെയും കുടുംബത്തെയും കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിൽനിന്നും ഡയരക്ടര്‍ ബോര്‍ഡില്‍നിന്നും പുറത്താക്കണമെന്നാണ് ഇവർ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബൈജൂസ് ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രവൈറ്റ് ലിമിറ്റഡിലെ നാല് ഓഹരി ഉടമകളാണ് ബൈജുവിനും കുടുംബത്തിനുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. പ്രോസസ്, ജി.എ, സോഫിന, പീക് എക്‌സ്.വി എന്നിങ്ങനെ നാലുപേരാണ് ഹരജിയിൽ ഒപ്പുവച്ചിട്ടുള്ളത്. ടൈഗർ, ഔൾ വെഞ്ചേഴ്‌സ് എന്നീ ഓഹരി ഉടമകളുടെ പിന്തുണയും ഇവർക്കുണ്ടെന്നാണു വിവരം. ഒരു വിഭാഗം ഡയരക്ടർ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് അസാധാരണ പൊതുയോഗം(ഇ.ജെ.എം) വിളിച്ചുചേർത്തിട്ടുണ്ട്. ഇതിൽ ബൈജുവിനെ സ്ഥാനത്തുനിന്നു മാറ്റുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചല്ല യോഗം നടക്കുന്നതെന്ന് ബൈജൂസ് ചൂണ്ടിക്കാട്ടി. അസാധുവായ യോഗത്തിൽ ഭാര്യയും കമ്പനി സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവർ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ഇതിനാൽ യോഗത്തിൽ ക്വാറം തികയില്ലെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇ.ജെ.എമ്മിന് ബൈജു കർണാടക ഹൈക്കോടതിയിൽനിന്ന് സ്‌റ്റേ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ യോഗതീരുമാനങ്ങൾ നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ഓഹരി ഉടമകൾ മറ്റൊരു നീക്കം നടത്തുന്നത്. കമ്പനി മേലധികാരികളായ ബൈജുവിന്റെയും കുടുംബത്തിന്റെയും കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് ഇവർ എൻ.സി.എൽ.ടിയിലെത്തിയിരിക്കുന്നത്. ബൈജു കമ്പനിയെ നയിക്കാൻ അയോഗ്യനാണെന്ന് പ്രഖ്യാപിക്കണമെന്നു ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ബോർഡ് രൂപീകരിക്കുകയും കമ്പനിയുടെ ഫോറൻസിക് ഓഡിറ്റ് നടത്തുകയും ചെയ്യണമെന്നും ആവശ്യമുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News