പെർമിറ്റ് ലംഘിച്ച് ഓട്ടോറിക്ഷകൾ എറണാകുളം ജില്ലയിൽ സർവീസ് നടത്തുന്നതായി പരാതി
ഇതോടെ മോട്ടോർ വാഹന വകുപ്പ് നടപടികൾ ഊർജിതമാക്കി
കൊച്ചി: പെർമിറ്റ് ലംഘിച്ച് ഓട്ടോറിക്ഷകൾ എറണാകുളം ജില്ലയിൽ സർവീസ് നടത്തുന്നു എന്ന് പരാതി. ഓൺലൈൻ സർവീസുകളുടെ മറവിൽ ആണ് പെർമിറ്റ് ലംഘനം. ഇതോടെ മോട്ടോർ വാഹന വകുപ്പ് നടപടികൾ ഊർജിതമാക്കി.
ഓൺലൈൻ ഓട്ടോറിക്ഷ സർവീസ് വ്യാപകമായതോടെയാണ് ഇതര ജില്ലകളിൽ നിന്നുള്ള ഓട്ടോകൾ കൊച്ചിയിലേക്ക് എത്തുന്നത്.അനധികൃത സർവീസെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയതോടെ ചിലയിടങ്ങളിൽ തർക്കവും അരങ്ങേറുന്നുണ്ട്. ഓട്ടോറിക്ഷകൾക്ക് അനുവദിച്ചിട്ടുള്ള പെർമിറ്റിന്‍റെ ലംഘനമാണ് ഇത്തരം സർവീസ് എന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നിലപാട്. ഒരാഴ്ചയ്ക്കിടെ ഇത്തരം 14 ഓട്ടോകളാണ് പിടിച്ചെടുത്തത്.
പ്രാദേശിക അടിസ്ഥാനത്തിലാണ് ഓട്ടോകൾക്ക് പെർമിറ്റ് നൽകിയിരിക്കുന്നത്. ഇത് പാലിക്കാതെ സർവീസ് അനുവദിക്കില്ലെന്ന് ആർടിഒ വ്യക്തമാക്കുന്നു. കോർപ്പറേഷനോ മുൻസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ പെർമിറ്റുള്ള ഓട്ടോറിക്ഷകൾ അവിടെ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് ട്രിപ്പ് കിട്ടിയാൽ യാത്രക്കാരെ കൊണ്ടുപോകാൻ അനുവദിക്കും. യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങണം. തിരികെ ആളുകളെ കയറ്റി പോകാനോ, സ്റ്റാൻഡുകളിൽ കിടന്ന് ആളുകളെ കയറ്റാൻ അനുവാദമില്ല. പെർമിറ്റ് മേഖലയ്ക്ക് പുറത്ത് സർവീസ് നടത്തുന്ന ഓട്ടോകൾക്ക് അപകടമോ മറ്റു സംഭവങ്ങളും ഉണ്ടായാൽ യാത്രക്കാർക്കും ഡ്രൈവർക്കും ഇൻഷുറൻസ് ഉൾപ്പെടെയുള്ള നിയമാനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.