സോനു സൂദിന്റെ സഹോദരിക്ക് സീറ്റു നൽകി; ബിജെപിയിലേക്ക് ചേക്കേറി കോൺഗ്രസ് എംഎൽഎ
നാലു സിറ്റിങ് എഎൽഎമാർക്ക് കോണ്‍ഗ്രസ് സീറ്റു നൽകിയിട്ടില്ല
ചണ്ഡീഗഡ്: സിറ്റിങ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിലേക്ക് ചേക്കേറി മോഗയിലെ കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ. കേന്ദ്രമന്ത്രി ഗിരിരാജ് ശെഖാവത്തിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. മോഗയിൽ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനാണ് കോൺഗ്രസ് സീറ്റു നൽകിയിട്ടുള്ളത്.
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ കമൽ അടക്കം നാലു സിറ്റിങ് എഎൽഎമാർക്ക് പാർട്ടി സീറ്റു നൽകിയിട്ടില്ല. ഇതുവരെ 86 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ਪੰਜਾਬ ਭਾਜਪਾ ਨੂੰ ਉਸ ਵੇਲੇ ਹੋਰ ਮਜ਼ਬੂਤੀ ਮਿਲੀ ਜਦੋਂ ਕਾਂਗਰਸ ਦੇ ਮੋਗੇ ਤੋਂ ਮੌਜੂਦਾ ਵਿਧਾਇਕ ਸ਼੍ਰੀ ਹਰਜੋਤ ਕਮਲ ਜੀ ਅਤੇ ਹੋਰ ਸੀਨੀਅਰ ਆਗੂ ਸੂਬਾ ਪ੍ਰਧਾਨ ਸ੍ਰੀ @AshwaniSBJP ਜੀ,ਕੇਂਦਰੀ ਮੰਤਰੀ ਸ੍ਰੀ@gssjodhpur ਜੀ ਕੇਂਦਰੀ ਰਾਜ ਮੰਤਰੀ ਸ਼੍ਰੀਮਤੀ@M_Lekhi ਜੀ, ਸ੍ਰੀ @tarunchughbjp ਜੀ ਦੀ ਮਜੂਦਗੀ ਹੇਠ ਭਾਜਪਾ ਵਿੱਚ ਸ਼ਾਮਲ ਹੋਏ। pic.twitter.com/IJieIUlWqA
— BJP PUNJAB (@BJP4Punjab) January 15, 2022
പാർട്ടി വിട്ടതിന് പിന്നാലെ മാളവിക സൂദിനെതിരെ കമൽ ആഞ്ഞടിച്ചു. സ്ഥാനാർത്ഥിയാകാൻ എന്താണ് അവരുടെ യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യപ്രവർത്തനത്തിൽ സജീവമായ മാളവിക ജനുവരി പത്തിനാണ് കോൺഗ്രസിൽ ചേർന്നത്. ഫെബ്രുവരി 14നാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
കോൺഗ്രസ് ക്യാംപ് ഉണരുമോ?
ആഭ്യന്തര പ്രശ്‌നത്തിൽപ്പെട്ടുഴലുന്ന കോൺഗ്രസിന് മാളവികയുടെ വരവ് കരുത്തും പ്രതീക്ഷയുമാകുമെന്നാണ് കരുതപ്പെടുന്നത്. മോഗയ്ക്ക് പുറമേ, ധരംകോട്ട്, നിഹാൽസിങ് വാല മണ്ഡലങ്ങളിൽ മാളവിക സ്വാധീനമുണ്ടാക്കിയേക്കും. മോഗയിൽ നിരവധി സേവന-കാരുണ്യ പ്രവർത്തനങ്ങളിലെ സജീവമുഖമാണ് ഇവർ. കഴിഞ്ഞ ദിവസം ഇവർ മോഗയിലെ ആയിരം വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തിരുന്നു. സോനു സൂദും ചടങ്ങിൽ പങ്കെടുത്തിരുന്നു.
മോഗയിൽ 'മോഗി ദി ധീ' (മോഗയുടെ മകൾ) എന്ന ക്യാംപയിനും ഇവർ ആരംഭിച്ചിട്ടുണ്ട്. കർഷക സമരം ഏറെ ശക്തമായ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിയിൽനിന്നാണ് ഭരണകക്ഷിയായ കോൺഗ്രസ് വെല്ലുവിളി നേരിടുന്നത്. 117 അംഗ സഭയിൽ 77 സീറ്റാണ് കോൺഗ്രസിനുള്ളത്. ആം ആദ്മി പാർട്ടിക്ക് 20ഉം ശിരോമണി അകാലിദളിന് 15ഉം സീറ്റുണ്ട്. ഈയിടെ കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി സഹകരിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.