തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് സിപിഎം

ദേശീയതലത്തിൽ കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്​.

Update: 2021-08-14 04:46 GMT
Advertising

തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്ന്​ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തിൽ കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്​. പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരിക്കില്ല. ദേശീയതലത്തിൽ ബിജെപിയെ എതിർക്കാന്‍ ഒരുമിച്ചു പോരാടാന്‍ തയ്യാറാണെന്നാണ് യെച്ചൂരി പറഞ്ഞത്.

"2004ൽ 61 ഇടത് എംപിമാർ പാർലമെന്റിലുണ്ടായിരുന്നു. അവർ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ പിന്തുണച്ചു. അവരിൽ 57 എംപിമാർ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൽ ഇത് പുതിയതല്ല. സംസ്ഥാന രാഷ്ട്രീയ സമവാക്യം എല്ലായ്പ്പോഴും കേന്ദ്ര രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. നേരത്തെയും ഞങ്ങൾ തൃണമൂലുമായി ബിജെപിക്കെതിരെ വേദി പങ്കിട്ടിട്ടുണ്ട്"- സീതാറാം യെച്ചൂരി വ്യക്തമാക്കി.

ത്രിപുരയെ കുറിച്ചുള്ള ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി ഇങ്ങനെ- "തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുരയില്‍ എത്തിയിട്ടേയുള്ളൂ. ഞങ്ങൾ മൂന്ന് വർഷമായി അവിടെ ബിജെപിയോട് പോരാടുകയാണ്. ബിജെപി ഒരു ഫാഷിസ്റ്റ് ശക്തിയാണെന്ന് ടിഎംസി തിരിച്ചറിയുന്നു. മുമ്പ് ത്രിപുരയിൽ ടിഎംസിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അവരുടെ നേതാക്കളെല്ലാം ബിജെപിയിൽ ചേർന്നു. അതിനാൽ ടിഎംസി എന്താണ് അവിടെ ചെയ്യുകയെന്ന് നോക്കട്ടെ".

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആഗസ്റ്റ് 20ന് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിൽ സിപിഎം പങ്കെടുക്കുമെന്ന് യെച്ചൂരി പറഞ്ഞു. ദേശീയതലത്തിൽ 14 പാർട്ടികൾ ബിജെപിക്കെതിരെ പോരാടുകയാണ്. ഇത് പാർലമെന്‍റിനകത്തും പുറത്തും തുടരും. മറ്റ് കക്ഷികൾ തങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.

സിപിഎമ്മിന്‍റെ ബംഗാൾ ഘടകത്തിനും ദേശീയതലത്തില്‍ തൃണമൂലുമായുള്ള സഹകരണത്തോട്​ എതിർപ്പില്ലെന്നാണ്​ സൂചന. ബിജെപിയെ എതിർക്കാൻ ഏതു പാര്‍ട്ടിയുമായും സഹകരണമാവാമെന്ന്​ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമൻ ബോസ്​ നിലപാടെടുത്തു. അതേസമയം തൃണമൂൽ കോൺഗ്രസ്​ നിലപാട്​ വ്യക്തമാക്കിയിട്ടില്ല.

ദേശീയ തലത്തില്‍ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട നീക്കങ്ങൾ സജീവമാക്കുന്നത്​ മുഖ്യമന്ത്രി മമത ബാനർജിയാണ്​. ഇതിനായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദേശീയതലത്തിൽ തൃണമൂലുമായി സഹകരിക്കാമെന്ന നിലപാട് സിപിഎം വ്യക്തമാക്കിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News