ഏക്നാഥ് ഷിന്‍ഡേ അധികാരമേറ്റതിനു പിന്നാലെ ശരദ് പവാറിന് ആദായ നികുതി വകുപ്പ് നോട്ടീസ്

2004, 2009, 2014, 2020 വർഷങ്ങളിൽ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് നടപടി

Update: 2022-07-01 06:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലം സംബന്ധിച്ചാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. 2004, 2009, 2014, 2020 വർഷങ്ങളിൽ സമര്‍പ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടാണ് നടപടി. പ്രണയലേഖനമെന്ന് പറഞ്ഞാണ് പവാര്‍ നോട്ടീസിനോട് പ്രതികരിച്ചത്.

മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കി ഏക്നാഥ് ഷിന്‍ഡേ അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് പവാറിനെതിരെയുള്ള നോട്ടീസ്. ''എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെയും (ഇഡി) കേന്ദ്ര ഏജൻസികളുടെയും സഹായം ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്, അതിന്‍റെ ഫലം ദൃശ്യമാണ്. നോട്ടീസ് ലഭിച്ചതായി നിയമസഭയിലെ പല അംഗങ്ങളും പറയുന്നു. പുതിയൊരു നീക്കമാണിത്. അഞ്ച് വർഷം മുമ്പ് ഇ.ഡി എന്ന പേര് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇന്ന് ഗ്രാമങ്ങളിലുള്ളവര്‍ പോലും നിങ്ങളുടെ പിന്നിൽ ഒരു ഇ.ഡി ഉണ്ടായിരിക്കുമെന്ന് തമാശയായി പറയുന്നു'' പവാര്‍ ട്വീറ്റ് ചെയ്തു. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ആളുകൾക്ക് ഈ സംവിധാനം ഉപയോഗിക്കുന്നു. ആദായ നികുതി വകുപ്പിൽ നിന്നും ഒരു പ്രണയലേഖനം ലഭിച്ചിട്ടുണ്ട്.2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് അവർ ഇപ്പോൾ അന്വേഷിക്കുന്നത്'' പവാര്‍ ട്വിറ്ററില്‍ കുറിച്ചു.

പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ കേന്ദ്ര അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്നതായി അവകാശപ്പെട്ട എൻ.സി.പി നോട്ടീസ് നൽകിയ സമയത്തെ ചോദ്യം ചെയ്തു. അതിനിടെ, ശിവസേന എം.പി സഞ്ജയ് റാവത്തിനും ഇഡി സമൻസ് അയച്ചു. റാവത്ത് ഇന്ന് ഉച്ചയോടെ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകും.

അതേസമയം ഉദ്ധവ് താക്കറെ ഏക് നാഥ് ഷിന്‍ഡെയെ അമിതമായി വിശ്വസിച്ചിരുന്നുവെന്നും ഒരുപക്ഷേ ഇതായിരിക്കാം ഭരണ അട്ടിമറിയില്‍ കലാശിച്ചതെന്നും പവാര്‍ വ്യക്തമാക്കി. ഒരാളെ വിശ്വാസമുണ്ടെങ്കില്‍ അയാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കുന്ന വ്യക്തിയാണ് ഉദ്ധവ് താക്കറെ. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി അങ്ങനെയാണ്. നിയമ നിര്‍മാണ സംവിധാനങ്ങളുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങളില്‍ ഏക് നാഥ് ഷിന്‍ഡെയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം താക്കറെ നല്‍കിയിരുന്നു. സമ്പൂര്‍ണ ആധിപത്യവും താക്കറെ ഷിന്‍ഡെയ്ക്ക് നല്‍കിയിരുന്നു. ഒരുപക്ഷേ ഇത് നിലവില്‍ മഹാരാഷ്ട്രയില്‍ നടന്ന ഭരണ അട്ടിമറിക്ക് കാരണമായിട്ടുണ്ടാകാം,' ശരദ് പവാര്‍ പറഞ്ഞു. എന്തു വിലകൊടുത്തും അധികാരം ലഭിക്കണം എന്ന മോഹമാണ് ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News