ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്‍റെ പേരിൽ എ.എ.പി - ബി.ജെ.പി തർക്കം
പഞ്ചാബിൽ കർഷകർ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നതാണ് ഡൽഹിയിൽ വായു മലിനീകരണ തോത് ഉയരാൻ കാരണം എന്നാണ് ബി.ജെ.പിയുടെ ആരോപണം
ഡൽഹി അന്തരീക്ഷ മലിനീകരണത്തിന്‍റെ പേരിൽ ആം ആദ്മി - ബി.ജെ.പി തർക്കം മുറുകുന്നു. പഞ്ചാബിൽ കർഷകർ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നതാണ് ഡൽഹിയിൽ വായു മലിനീകരണ തോത് ഉയരാൻ കാരണം എന്നാണ് ബി.ജെ.പിയുടെ ആരോപണം. അതേസമയം കേന്ദ്ര സർക്കാർ മലിനീകരണം നേരിടാൻ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി.
തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ പലയിടത്തും അന്തരീക്ഷ വായു മലിനീകരണ തോത് അഞ്ഞൂറിന് മുകളിൽ എത്തിയിട്ടുണ്ട്. തലസ്ഥാന നഗരത്തിൽ മലിനീകരണത്തിന് കാരണമാകുന്ന നിയമ ലംഘനം കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ പരിശോധന നടത്തുന്നുണ്ട്. ഡൽഹിയിലെ മലിനീകരണത്തിന് കാരണം പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് ആണെന്ന ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ 33% വർധന ഉണ്ടായി എന്നാണ് ബി.ജെ.പിയുടെ വാദം. ഇത് കൃത്യമായി പ്രതിരോധിക്കുന്നതിൽ പഞ്ചാബ് ഡൽഹി സർക്കാർ പരാജയപ്പെട്ടു എന്നും ആരോപണം ഉണ്ട്.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പഞ്ചാബ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രനേതൃത്വം സംസ്ഥാനങ്ങൾക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്നും ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. നഗരത്തിൽ പുക മഞ്ഞ് ശക്തമായതോടെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ ഡൽഹി സർക്കാർ നിർദേശിച്ചിട്ടുണ്ട്. ശാരീരിക അവശതകൾ അനുഭവപ്പെട്ടാൽ അടിയന്തര വൈദ്യസഹായം തേടാനും സർക്കാർ നിർദേശമുണ്ട്.