'വല്യേട്ടനാവരുത്, ഇത് നാഗാലാന്‍ഡല്ല തമിഴ്നാടാണ്': ഗവര്‍ണറോട് ഉടക്കി ഡി.എം.കെ
ഗവര്‍ണര്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെ (നീറ്റ്) കുറിച്ച് ഗവര്‍ണര്‍ റിപബ്ലിക് ദിനത്തില്‍ നടത്തിയ പരാമര്‍ശമാണ് ഡി.എം.കെ നേതാക്കളെ ചൊടിപ്പിച്ചത്
തമിഴ്നാട് ഗവര്‍ണറുമായുള്ള ഭിന്നത പരസ്യമാക്കി ഡി.എം.കെ. "ഇത് നാഗാലാൻഡല്ല, തമിഴ്‌നാടാണ്. ഇവിടെ വല്യേട്ടന്‍ മനോഭാവത്തോടെ രാഷ്ട്രീയം കളിക്കാനാവില്ല" എന്നാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് ഡി.എം.കെ മുഖപത്രമായ മുരശൊലിയിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
ഗവര്‍ണര്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെ (നീറ്റ്) കുറിച്ച് ഗവര്‍ണര്‍ റിപബ്ലിക് ദിനത്തില്‍ നടത്തിയ പരാമര്‍ശമാണ് ഡി.എം.കെ നേതാക്കളെ ചൊടിപ്പിച്ചത്. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ നീറ്റ് വന്നതിനു ശേഷം സർക്കാർ മെഡിക്കൽ കോളജുകളിൽ സർക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. എന്നാല്‍ എ.ഐ.എ.ഡി.എ.കെ ഭരണ കാലത്താണ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
ദ്വിഭാഷാ നയത്തിലും നീറ്റിനെതിരായ എതിർപ്പിലും സംസ്ഥാനം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് ഗവര്‍ണറെ മുരശൊസൊലിയിലെ ലേഖനം ഓര്‍മിപ്പിച്ചു. ഗവർണർ ഇത് മനസിലാക്കുകയും കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ച് സംസ്ഥാനത്തിന്‍റെ ഏകകണ്ഠമായ അഭിപ്രായത്തിന് സമ്മതം നേടുകയും വേണം. കേന്ദ്രത്തിന്റെ തീരുമാനം ഇവിടെ അടിച്ചേൽപ്പിക്കരുത്. കേന്ദ്രത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഗവർണർ സംസ്ഥാനത്തെ ജനങ്ങളുടെ ഏകകണ്ഠമായ അഭിപ്രായം അറിയിക്കണമെന്നും മുരശൊലിയിലെ ലേഖനം ആവശ്യപ്പെട്ടു.
ഗവർണർക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയം ഇല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. വിരമിച്ച ശേഷം ഗവർണറായി നിയമിതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ആര്‍.എന്‍ രവി. പൊലീസ് ഡിപ്പാർട്ട്‌മെന്റിന് ഭീഷണിപ്പെടുത്തലിന്‍റേതായ രീതികൾ ആവശ്യമായി വന്നേക്കാം, അവ അവിടെ ഫലം നൽകിയേക്കാം. പക്ഷേ രാഷ്ട്രീയത്തിൽ അവയൊന്നും പ്രയോജനപ്പെടില്ല, അത് ഗവർണർ മനസ്സിലാക്കണമെന്നും മുരശൊലി ഓര്‍മിപ്പിച്ചു.