സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് വർധിപ്പിച്ചു; നിർണായക തീരുമാനവുമായി കമ്മിഷൻ
2014ലാണ് ഇതിനു മുമ്പ് ചെലവുപരിധി പുതുക്കിയത്.
ന്യൂഡൽഹി: ലോക്സഭ, നിയമസഭാ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഉയർത്തി കമ്മിഷൻ. 2014ൽ നിന്ന് പത്തു ശതമാനമാണ് വർധിപ്പിച്ചത്. രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവ് യഥാക്രമം 95, 75 ലക്ഷമായാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 70, 54 ലക്ഷമായിരുന്നു. നിയമസഭാ മണ്ഡലങ്ങളിൽ 40, 28 ലക്ഷം വീതമായി ഉയർത്തി. നേരത്തെ ഇത് യഥാക്രമം 28, 20 ലക്ഷമായിരുന്നു. വലിയ സംസ്ഥാനങ്ങളായ പഞ്ചാബിലും യുപിയിലും ഉത്തരാഖണ്ഡിലും നാൽപ്പത് ലക്ഷം രൂപയാണ് ഒരു സ്ഥാനാർത്ഥിക്ക് ആകെ ചെലവഴിക്കാനാകുക. ചെറു സംസ്ഥാനങ്ങളായ ഗോവയിലും മണിപ്പൂരിലും 28 ലക്ഷവും.
വരുന്ന തെരഞ്ഞെടുപ്പുകളിലും ചെലവുപരിധി ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. 2014ലാണ് ഇതിനു മുമ്പ് ചെലവു പുതുക്കിയത്. അഞ്ചു സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളാണ് തെരഞ്ഞെടുപ്പിന് സജ്ജമാകുന്നത്. 18.03 കോടിയാണ് വോട്ടർമാർ. വനിതാ വോട്ടർമാർ 8.55 കോടിയും. 2.15 ലക്ഷം പോളിങ് ബുത്തുകളാണ് ഒരുക്കിയിട്ടുള്ളത്.