യുക്രൈൻ: ലോകം മോദിയുടെ ഇടപെടൽ ആഗ്രഹിക്കുന്നു-ഹേമമാലിനി
'ഏഴു വർഷത്തിനുള്ളിൽ ഭാരതത്തിന് മോദി മോക്ഷം നൽകിയിരിക്കുന്നു'
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ലോകം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആഗ്രഹിക്കുന്നതായി ബിജെപി എംപി ഹേമമാലിനി. യുപിയിലെ ബലിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ പുതിയ ഇന്ത്യ ഉദയം ചെയ്തതായും അവർ അവകാശപ്പെട്ടു.
'യുക്രൈനും റഷ്യയും തമ്മിൽ യുദ്ധത്തിൽ പോലും, പ്രതിസന്ധി ഇല്ലാതാക്കാൻ അദ്ദേഹം (മോദി) ശ്രമം നടത്തുകയാണ്. നമ്മുടെ മോദിജി വലിയ നേതാവാണ്. അദ്ദേഹത്തെ ലോകം അംഗീകരിക്കുന്നു. ഏഴു വർഷത്തിനുള്ളിൽ ഭാരതത്തിന് അദ്ദേഹം മോക്ഷം നൽകിയിരുന്നു.'- ഹേമമാലിനി പറഞ്ഞു.
'വരും തലമുറയുടെ ക്ഷേമത്തിനായി ബിജെപിയെ പിന്തുണയ്ക്കൂ. എസ്പിയുടെയും ബിഎസ്പിയുടെയും കോൺഗ്രസിന്റെയും വലയിൽ വീഴരുത്. അഖിലേഷ് യാദവ് സർക്കാർ അന്താരാഷ്ട്ര തലത്തിൽ യുപിയുടെ പ്രതിച്ഛായ തകർത്തു. വിദേശത്തുള്ളവർ യുപിയിലേക്ക് വരാൻ മടിക്കുന്ന സാഹചര്യമാണുള്ളത്' - അവർ കൂട്ടിച്ചേർത്തു.
യുദ്ധത്തിനിടെ വ്യാഴാഴ്ച റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. വിഷയം സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മോദി ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളിഖയും ആവശ്യപ്പെട്ടിരുന്നു.
യുഎൻ പ്രമേയത്തിൽ വിട്ടു നിന്ന് ഇന്ത്യ
അതിനിടെ, യുക്രൈൻ അധിനിവേശത്തെ അപലപിച്ച് രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു. റഷ്യ പ്രമേയത്തെ വീറ്റോ ചെയ്തിരുന്നു. ചൈനയും യുഎഇയുമാണ് വിട്ടു നിന്ന മറ്റു രാജ്യങ്ങൾ.
അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം തയാറാക്കി സഭയിൽ അവതരിപ്പിച്ചത്. 15 രക്ഷാസമിതി അംഗങ്ങളിൽ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിൽക്കുകയായിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല.
''നിങ്ങൾക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാൽ, ഞങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാകില്ല. സത്യത്തെ നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല. നമ്മുടെ തത്വങ്ങ്ളെയും യുക്രൈൻ ജനതയെയുമൊന്നും നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല..''- അമേരിക്കയുടെ യു.എൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
നിലവിൽ രക്ഷാസമിതി അധ്യക്ഷൻ റഷ്യൻ പ്രതിനിധിയാണ്. രക്ഷാസമിതിയിൽ പ്രമേയം പാസായില്ലെങ്കിലും യു.എൻ പൊതുസഭയിലും സമാനമായ പ്രമേയം വോട്ടിനെത്തും. പൊതുസഭയിൽ വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകാനിടയുണ്ടെങ്കിലും ഇത് റഷ്യയ്ക്ക് ബാധകമാകില്ല.