സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, സൗജന്യ വൈദ്യുതി; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ് റാലി
തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസ് ബിജെപിയുടെ ബി ടീമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ആറ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് തുക്കുഗുഡയില്‍ നടത്തിയ റാലിയിലായിരുന്നു പ്രഖ്യാപനം. മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 200 യൂനിറ്റ് വൈദ്യുതി സൗജന്യം, ഭവനരഹിതർക് വീടുവെക്കാൻ 5 ലക്ഷം രൂപ സഹായം, വിദ്യാർഥികൾക്ക് 5 ലക്ഷം വരെ വിദ്യാഭ്യാസ സഹായം, തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.
തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിനായി കോൺഗ്രസ് ആറ് ഉറപ്പുകൾ പ്രഖ്യാപിക്കുന്നെന്നും അവ ഓരോന്നും നിറവേറ്റാൻ പ്രതിജ്ഞാബദ്ധരാണെന്നും റാലിയില്‍ സോണിയ ഗാന്ധി പറഞ്ഞു.
തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസ് ബിജെപിയുടെ ബി ടീമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാനയുടെ സംസ്ഥാന രൂപീകരണം യാഥാർഥ്യമാക്കിയ സോണിയയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രചരണ രീതി.മല്ലികാർജുൻ ഗാർഗെ, അശോക് ഗെഹ്ലോട്ട് എന്നിവരും സംസാരിച്ചു
തെലങ്കാനയിലെ ബഹുജന റാലിക്കെത്തിയ ജനക്കൂട്ടം അമ്പരപ്പിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ദൃശ്യമാണിതെന്നും കുറിച്ച് ശശി തരൂരും എക്സില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.