കാനഡയിൽ ടെസ്‌ല കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച് നാല് ​ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

​ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ രണ്ട് സഹോദരങ്ങളും ആനന്ദ് ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് പേരുമാണ് മരിച്ചത്.

Update: 2024-10-27 12:26 GMT
Advertising

ടൊറന്റോ: കാനഡയിലെ ടൊറൻ്റോയിൽ ടെസ്‌ല കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച് നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഗുജറാത്ത് സ്വദേശികളായ നാല് പേരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ഡിവൈഡറിലിടിച്ച കാറിൻ്റെ ബാറ്ററിക്ക് തീപിടിക്കുകയും കാർ കത്തുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

​ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സ്വദേശികളായ രണ്ട് സഹോദരങ്ങളും ആനന്ദ് ജില്ലയിൽ നിന്നുള്ള മറ്റ് രണ്ട് പേരുമാണ് മരിച്ചത്. ഗോദ്ര സ്വദേശികളായ കേതബ ഗോഹിൽ (29), സഹോദരൻ നീൽരാജ് (25), ആനന്ദ് ജില്ലയിലെ ബോർസാദ് നിവാസികളായ ജയരാജ്‌സിങ് സിസോദിയ (30), മറ്റൊരു യുവതി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

'ആറ് വർഷം മുമ്പ് കാനഡയിലേക്ക് പോയ കെതബ അവിടെ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഈ വർഷം ജനുവരിയിലാണ് നീൽരാജ് പഠിക്കാനായി കാനഡയിലേക്ക് പോയത്. തുടർന്ന് അവിടെതന്നെ ജോലിയും ചെയ്തുവരികയുമായിരുന്നു. ബ്രാംപ്ടണിൽ താമസിച്ചുവന്ന സംഘം പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്'- ബന്ധു പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. റോഡരികിൽനിന്ന ഒരു യാത്രക്കാരൻ കൃത്യസമയത്ത് ഓടിയെത്തി കാറിൽ നിന്ന് പുറത്തെടുത്ത യുവതിയാണ് രക്ഷപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.

ഈ വർഷം ജൂലൈയിൽ കാനഡയിൽ പഞ്ചാബിൽ നിന്നുള്ള മൂന്ന് വിദ്യാർഥികൾ കാർ ഹൈവേയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News