കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ജി23 പിന്തുണ ഖാർഗെയ്ക്ക്
ആനന്ദ് ശർമ, മനീഷ് തിവാരി എന്നിവർ ഖാർഗെയുടെ പത്രികയിൽ ഒപ്പിട്ടു.
കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക്. ആനന്ദ് ശർമ, മനീഷ് തിവാരി എന്നിവർ ഖാർഗെയുടെ പത്രികയിൽ ഒപ്പിട്ടു. ഹൈകമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയെ തന്നെയാണ് ജി23 നേതാക്കളും പിന്തുണയ്ക്കുന്നത്.
ജി23 നേതാക്കളുടെ പിന്തുണ അവരില്‍ ഒരാളായിരുന്ന ശശി തരൂരിനല്ല എന്നാണ് വ്യക്തമാകുന്നത്. ജി 23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. അവരുടെ പിന്തുണ തേടിയിട്ടുമില്ല. ജി 23 ഒരു സംഘടനയല്ല. ആ പദം മാധ്യമ സൃഷ്ടിയാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്ന 23 പേര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തില്‍ ഒപ്പിട്ടു എന്ന സാംഗത്യമേ ജി 23നുള്ളൂ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല തന്‍റെ സ്ഥാനാര്‍ഥിത്വത്തിന്റെ ഉദ്ദേശ്യം. ജി 23 വരുന്നതിനും മുന്‍പ് 2014 മുതല്‍ മുന്നോട്ടുവെയ്ക്കുന്ന ചില പരിഷ്‌കാരങ്ങളുടെ വക്താവെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയല്ല, മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയാണ് ഈ പോരാട്ടത്തില്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറയുകയുണ്ടായി.
മുൻ യു.എന്‍ അണ്ടർ സെക്രട്ടറിയായ ശശി തരൂർ ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലയിൽ പ്രശസ്തനാണ്. 2009 മുതൽ ശശി തരൂർ ലോക്സഭാംഗമാണ്. രണ്ട് തവണ കേന്ദ്ര സഹമന്ത്രി സ്ഥാനം വഹിച്ചു. ജി23യുടെ നേതൃനിരയിലിരുന്ന് നേതൃത്വത്തിനെതിരെ വിമർശനങ്ങളുന്നയിച്ചു.
2005ൽ കർണാടക പിസിസി അധ്യക്ഷനായിരുന്നു ഖാർഗെ. കർണാടക നിയമസഭയിൽ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ൽ ആദ്യമായി ലോക്സഭാ അംഗം. പിന്നീട് പ്രവർത്തന മേഖല ഡൽഹിയിൽ. യു.പി.എ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. റെയിൽ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കോൺഗ്രസ് സഭാ കക്ഷി നേതാവായി. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് മത്സരിക്കുന്നത്.
ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കം ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നാണ് കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ നിലപാട്.