‘നമ്മുക്കെതിരെ സംഭവിക്കുമ്പോൾ മാത്രം അനീതിയെക്കുറിച്ച് ചിന്തിക്കും, ഇന്ന് അവരാണെങ്കിൽ നാളെ നമ്മളാകും’ മോദിയുടെ പ്രസംഗത്തിനെതിരെ അകാലിദൾ

ഇന്ത്യ ഹിന്ദുക്കൾക്കും സിഖുകാർക്കും മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും മറ്റുള്ളവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. എല്ലാവരും ഈ വസ്തുതമാനിക്കണമെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ ബാദൽ

Update: 2024-04-23 04:41 GMT
Advertising

ചണ്ഡിഗഡ്: രാജസ്ഥാനിൽ പ്രധാനമന്ത്രി ​നരേന്ദ്രമോദി മുസ്‍ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കനത്ത വിമർശനവുമായി എൻ.ഡി.എയുടെ മുൻ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ.

‘നമ്മുടെ എല്ലാവരുടെയും പ്രശ്നം, നമുക്കെതിരെ സംഭവിക്കുമ്പോൾ മാത്രം അനീതിയെക്കുറിച്ച് ചിന്തിക്കും, ഇന്ന് അവരാണെങ്കിൽ നാളെ നമ്മളായിരിക്കും. വളരെ ലജ്ജാകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണിത്’

മോദിയുടെ ​വിദ്വേഷ പ്രസംഗത്തിന്റെ ഒരു ഭാഗം പോസ്റ്റ് ചെയ്ത അകാലിദൾ വക്താവ് പരംബൻ സിങ് എക്സിൽ കുറിച്ചു. ‘വിഷവും വെറുപ്പും മറ്റൊരുതലത്തിലേക്ക് മാറി’. എന്നാൽ ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആണ്. എന്നും അദ്ദേഹം കുറിച്ചു.

അതേസമയം, ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വർഗീയതയും വിദ്വേഷവും പരസ്പര സംശയവും ഉണ്ടാക്കുന്ന പ്രസ്താവനകൾ പ്രധാനമന്ത്രി ഒരിക്കലും നടത്തരുതായിരുന്നുവെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ ബാദലും പ്രതികരിച്ചു.

‘ഇന്ത്യ ഹിന്ദുക്കൾക്കും സിഖുകാർക്കും മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും മറ്റുള്ളവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. സമാധാനവും സാമുദായിക സൗഹാർദ്ദവും എങ്ങനെ ഉറപ്പാക്കാമെന്ന് സർദാർ പ്രകാശ് സിംഗ് ബാദലിൽ നിന്ന് പ്രധാനമന്ത്രിയും ബിജെപിയും പഠിക്കണം. ബാദൽ സാഹിബ് എല്ലാ സമുദായങ്ങളെയും അവരുടെ മതത്തെയും ബഹുമാനിച്ചിരുന്നു. ഈ രാജ്യം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാവരും ഈ വസ്തുത മാനിക്കണം’ബാദൽ പറഞ്ഞു.

അകാലിദൾ നേതാവ് ബിക്രം സിംഗ് മജിതിയയും മോദിയെ രൂക്ഷമായ രീതിയിൽ പരിഹസിച്ചു. പൗരന്മാരെ തുല്യരായി കാണുന്ന രാജ്യത്തിന് വേണ്ടി ഡോ. ബി.ആർ. അംബേദ്കർ രൂപപ്പെടുത്തിയ നമ്മുടെ ഭരണഘടനയെയാണ് മോദി കഴിഞ്ഞ ദിവസം അപമാനിച്ചത്. ഇതാണോ മോദി മുന്നോട്ട് വെക്കുന്ന‘സബ് കാ സാത്ത് സബ് കാ വികാസ് ’എന്നും ​ അവർ പരിഹസിച്ചു.

കർഷകബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് 2020 ലാണ് സിഖ് വിഭാഗങ്ങളിൽ വലിയ സ്വാധീനമുള്ള അകാലിദൾ എൻ.ഡി.എ വിടുന്നത്. വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ കനത്ത നിലപാടാണ് മോദിക്കെതിരെ അകാലിദൾ സ്വീകരിച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അകാലിദളുമായി സഖ്യത്തിലേർപ്പെടാൻ ബിജെപി വീണ്ടും ശ്രമം നടത്തി. എന്നാൽ കർഷക സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത തടവുകാരെ മോചിപ്പിക്കുക, എല്ലാ വിളകൾക്കും മിനിമം താങ്ങുവില തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയതോടെ സഖ്യ ചർച്ചകൾ പരാജയപ്പെട്ടു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News