ആക്രി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2,500 കോടി രൂപ
2022-23 സാമ്പത്തിക വർഷത്തിൽ 4,400 കോടി രൂപ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അറിയിച്ചു
ന്യൂഡൽഹി: കഴിഞ്ഞ ആറുമാസത്തിനിടെ ആക്രിവിൽപ്പനയിലൂടെ 2,582 കോടി രൂപ സമ്പാദിച്ചതായി ഇന്ത്യൻ റെയിൽവെ. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയിൽവെ വ്യക്തമാക്കി. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെയിൽവെ സമ്പാദിച്ചത്.
2022-23 സാമ്പത്തിക വർഷത്തിൽ 4,400 കോടി രൂപ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. 2021-22 ൽ 3,60,732 മില്ല്യൺ ടൺ ആക്രികളായി വിൽപ്പന നടത്തിയത്. 2022-23 ൽ ഇത് 3,93,421 മെട്രിക് ടണായി ഉയർന്നു. 2022 സെപ്തംബർ വരെ 1,835 വാഗണുകളും 954 കോച്ചുകളും 77 ലോക്കോകളുമാണ് നീക്കം ചെയ്തത്. 2022-23ൽ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോകളും നീക്കം ചെയ്തതായും പ്രസ്താവനയിൽ പറയുന്നു.
ആക്രി സാമഗ്രികൾ സമാഹരിച്ച് ഇ-ലേലത്തിലൂടെ വിൽപന നടത്തി വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതായി ഇന്ത്യൻ റെയിൽവേ തിങ്കളാഴ്ച അറിയിച്ചു. ഉപയോഗയോഗ്യമല്ലാത്ത റെയിൽവേ മെറ്റീരിയലുകളുടെ ഉൽപ്പാദനവും വിൽപ്പനയും ഒരു തുടർച്ചയായ പ്രക്രിയയാണ്. സോണൽ റെയിൽവേയിലും റെയിൽവേ ബോർഡിലും ഇത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിർമ്മാണ പദ്ധതികളിളിലും ഗേജ് കൺവേർഷൻ പ്രോജക്റ്റുകളിലുമാണ് സാധാരണ ആക്രി സാധനങ്ങൾ കൂടുതലായി കാണുന്നത്. ഇത് പുനരുപയോഗിക്കാൻ കഴിയിയാറില്ല. ഇന്ത്യൻ റെയിൽവേയുടെ കോഡൽ വ്യവസ്ഥകൾ അനുസരിച്ചാണ് ഇവ നീക്കം ചെയ്യുന്നതെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.