അയോധ്യ വിധിക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി അത്താഴം കഴിച്ചു, വൈന്‍ കുടിച്ചു: രഞ്ജന്‍ ഗൊഗോയി
വിവാദമായ കേസിലെ വിധി ആഘോഷിക്കുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് അത് ആഘോഷമായിരുന്നില്ല എന്നാണ് ഗോഗോയി മറുപടി നല്‍കിയത്
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള വിധി പുറപ്പെടുവിച്ച ദിവസം ബെഞ്ചിലെ ജഡ്ജിമാർക്കൊപ്പം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വീഞ്ഞും അത്താഴവും കഴിച്ചെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. വിധി പുറപ്പെടുവിച്ച 2019 നവംബർ 9ന് ഡൽഹിയിലെ ഹോട്ടൽ താജ് മാൻസിങില്‍ ചൈനീസ് ഭക്ഷണവും ഏറ്റവും മുന്തിയ വീഞ്ഞും കഴിച്ചെന്നാണ് ഗൊഗോയി 'ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന ആത്മകഥയില്‍ പറഞ്ഞത്.
അന്നത്തെ അത്താഴത്തെ കുറിച്ച് ഗൊഗോയി ആത്മകഥയില്‍ എഴുതിയതിങ്ങനെ- ''അയോധ്യ വിധിക്ക് ശേഷം സുപ്രീംകോടതി സെക്രട്ടറി ജനറൽ ഒന്നാം നമ്പർ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയിൽ അശോക ചക്രത്തിന് താഴെ ഒരു ഫോട്ടോ സെഷൻ ഒരുക്കി. വൈകീട്ട് ഞാൻ എല്ലാ ജഡ്ജിമാരെയും ഹോട്ടൽ താജ് മാൻസിങ്ങിലേക്ക് കൊണ്ടുപോയി. ചൈനീസ് ഭക്ഷണം കഴിച്ച് അവിടുത്തെ ഏറ്റവും മികച്ച ഒരു കുപ്പി വീഞ്ഞും ഞങ്ങൾ പങ്കുവെച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിൽ ഞാൻ തന്നെ ബില്ലും കൊടുത്തു.''
വിവാദമായ കേസിലെ വിധി ആഘോഷിക്കുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് അത് ആഘോഷമായിരുന്നില്ല എന്നാണ് ഗോഗോയി മറുപടി നല്‍കിയത്- "ആഘോഷമല്ല, ആഘോഷമല്ല. കൂട്ടുകാർക്കൊപ്പം ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാന്‍ തോന്നില്ലേ?" എന്നായിരുന്നു ഗൊഗോയിയുടെ ചോദ്യം.
വിധി പ്രകാരം നഷ്ടം സംഭവിച്ചവര്‍ക്ക് ഇത് അനുചിതമായി തോന്നില്ലേ എന്ന ചോദ്യത്തിന് ഗൊഗോയിയുടെ മറുപടി ഇങ്ങനെയായിരുന്നു- "എല്ലാ ജഡ്ജിമാരും നാല് മാസം അയോധ്യ വിധിക്കായി പണിയെടുത്തു. എന്‍റെ ജഡ്ജിമാര്‍ കഠിനാധ്വാനം ചെയ്തു. അനുവദനീയമല്ലാത്തതായി ഞങ്ങൾ ചെയ്തു?" ഗൊഗോയിക്ക് പുറമെ എസ്.എ ബോബ്ഡെ, അശോക് ഭൂഷൺ, ഡി.വൈ ചന്ദ്രചൂഡ്, എസ് അബ്ദുൽ നസീർ എന്നിവരാണ് ബാബരി കേസില്‍ വിധി പുറപ്പെടുവിച്ച ബെഞ്ചിലുണ്ടായിരുന്നത്.
ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ താൻ പിൻവലിച്ചത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നുവെന്ന് ഗൊഗോയി ആത്മകഥയില്‍ ന്യായീകരിച്ചു. തനിക്കെതിരായ ലൈംഗികാരോപണ കേസ് പരിഗണിച്ച ബെഞ്ചിൽ താൻ ജഡ്ജിയാവാന്‍ പാടില്ലായിരുന്നുവെന്നും ഗൊഗോയ് പറഞ്ഞു- 'ആ ബെഞ്ചിൽ എന്‍റെ സാന്നിദ്ധ്യം ഒഴിവാക്കാമായിരുന്നു. ഞാൻ അത് അംഗീകരിക്കുന്നു'. ആത്മകഥയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗൊഗോയ്.
2019 ഏപ്രിൽ 19നാണ് സുപ്രീംകോടതിയിലെ വനിതാ ജീവനക്കാരി രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. എല്ലാ സുപ്രീംകോടതി ജഡ്ജിമാർക്കും അവർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ അസാധാരണ നടപടികളാണ് സുപ്രിംകോടതിയിലുണ്ടായത്. അവധി ദിവസമായ ശനിയാഴ്ച രാവിലെ ജസ്റ്റിസ് ഗൊഗോയ് മൂന്നംഗ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ് വിളിച്ചുചേർത്ത് സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി സമിതി രൂപീകരിച്ചു. പിന്നീട് ഈ സമിതി ഗൊഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകി. ആരോപണം ഉയർത്തിയതിന് പിന്നാലെ പുറത്താക്കിയ ജീവനക്കാരിയെ തിരിച്ചെടുത്തു.
രാജ്യസഭാ എംപിയായി രഞ്ജന്‍ ഗൊഗോയിയുടെ സഭയിലെ ഹാജര്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്- "അവിടെ പോകുന്നത് വ്യക്തിപരമായി അത്ര സുഖകരമായി തോന്നിയില്ല. പകർച്ചവ്യാധി തുടരുകയാണ്. സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. എനിക്ക് തോന്നുമ്പോൾ ഞാൻ രാജ്യസഭയിൽ പോകും. പ്രാധാന്യമുള്ള വിഷയങ്ങളില്‍ സംസാരിക്കണമെന്ന് തോന്നുമ്പോള്‍ പോകും. നോമിനേറ്റഡ് അംഗമാണ് ഞാന്‍. എനിക്ക് പാര്‍ട്ടി വിപ്പില്ല. ഞാന്‍ എന്‍റെ ഇഷ്ടപ്രകാരം പോകുന്നു, ഇഷ്ടപ്രകാരം വരുന്നു. ഞാൻ സ്വതന്ത്ര അംഗമാണ്"- രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
റഫാൽ, അയോധ്യ കേസ് തുടങ്ങിയ കേസുകളിലെ വിധിന്യായങ്ങൾക്കുള്ള പ്രതിഫലമാണ് പാർലമെന്‍റ് സീറ്റെന്ന ആരോപണത്തിന് ഈ വിധികൾ തന്‍റേതല്ലെന്നും ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു. രാജ്യസഭയില്‍ താന്‍ രണ്ടാമതും എത്തിയേക്കാമെന്നും ഗൊഗോയി പറഞ്ഞു.