കര്‍ണാടക തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് മേയ് 10ന്, വോട്ടെണ്ണല്‍ 13ന്
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ഉം ആണ്
ഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മേയ് 10 നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മേയ് 13ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ഉം ആണ്.
രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല.
ആകെ 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും.''കർണാടകയിൽ 2018- 19ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടർമാരുടെ വർധനവുണ്ടായി. ഏപ്രിൽ ഒന്നിന് 18 വയസ് തികയുന്ന എല്ലാ വോട്ടർമാർക്കും കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന്'' മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.80 വയസിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്നും വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും.
224 അംഗ നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക. കോണ്‍ഗ്രസ് ഇതിനോടകം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ നേരത്തെ കോലാറിൽ നിന്നാണ് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വരുണയിലേക്ക് കളംമാറ്റിയത്. കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വർഷങ്ങളിൽ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.