മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്താവന; കർണാടകയിൽ വൊക്കലിഗ സന്യാസിക്കെതിരെ കേസ്

ചൊവ്വാഴ്ച ബെം​ഗളൂരുവിലെ കർഷക റാലിയിലായിരുന്നു വൊ​ക്കലി​ഗ മഠാധിപതിയുടെ വിവാദ പ്രസ്താവന.

Update: 2024-11-30 15:17 GMT
Advertising

ബെംഗളൂരു: മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്താവന നടത്തിയ വൊക്കലിഗ സന്യാസി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കേസ്. ഡിസംബർ രണ്ടിന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉപ്പാർപേട്ട് പൊലീസ് സ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതീയ ന്യായ സൻഹിത സെക്ഷൻ 299 പ്രകാരമാണ് സ്വാമിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വാമിയുടെ പ്രസ്താവന പ്രകോപനപരവും സാമുദായിക സൗഹാർദം തകർക്കുന്നതുമാണ് എന്നാണ് ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നത്.

മുസ്‌ലിംകളുടെ വോട്ടവകാശം ഇല്ലാതാക്കാൻ നിയമം കൊണ്ടുവരണമെന്നായിരുന്നു ചന്ദ്രശേഖരനാഥ സ്വാമിയുടെ പരാമർശം. ചൊവ്വാഴ്ച ഭാരതീയ കിസാൻ സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു സ്വാമിയുടെ വിവാദ പ്രസ്താവന. കർഷകർക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെതിരെയായിരുന്നു കർഷക റാലി.

രാഷ്ട്രീയക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും മുസ്‌ലിം പ്രീണനത്തിലുമാണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയണം. പാകിസ്താനിൽ ഭൂരിപക്ഷമായ മുസ്‌ലിംകൾക്കൊഴികെ മറ്റു മതസ്ഥർക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. ഇത് ഇന്ത്യയിൽ അംഗീകരിച്ചാൽ രാജ്യത്ത് സമാധാനമുണ്ടാകുമെന്നും സ്വാമി പറഞ്ഞിരുന്നു.

പരാമർശം വിവാദമായതോടെ ബുധനാഴ്ച സ്വാമി മാപ്പപേക്ഷയുമായി രംഗത്തെത്തി. നാക്കുപിഴ സംഭവിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മുസ്‌ലിംകളും മറ്റുള്ളവരെപ്പോലെ ഈ രാജ്യത്തെ പൗരൻമാരാണ്. അവർക്ക് എല്ലാ അവകാശങ്ങളുമുണ്ട്. തങ്ങളുടെ മഠവുമായി മുസ്‌ലിംകൾ അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും സ്വാമി വിശദീകരിച്ചിരുന്നു.

അതിനിടെ സ്വാമിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. പ്രതിപക്ഷനേതാവ് ആർ. അശോകൻ, മുൻ ഉപമുഖ്യമന്ത്രിയും ബിജെപി എംഎൽഎയുമായ സി.എൻ അശ്വത് നാരായൺ, എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രതിനിധിസംഘം സ്വാമിയെ സന്ദർശിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News