‘മകളുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ പൊലീസ് കൈക്കൂലി തരാൻ ​ശ്രമിച്ചു’; വെളിപ്പെടുത്തലുമായി ആർജി കാർ ആശുപത്രിയിലെ ഡോക്ടറുടെ രക്ഷിതാക്കൾ

കേസ് ഒതുക്കാനാണ് പൊലീസ് തുടക്കം മുതൽ ശ്രമിച്ചതെന്ന് ബന്ധുക്കൾ

Update: 2024-09-05 09:20 GMT
Advertising

കൊൽക്കത്ത: മുതിർന്ന ​പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതരവെളിപ്പെടുത്തലുമായി കൊൽക്കത്ത ആർജി കാർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ. ആശുപത്രിയിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിൽ പ​ങ്കെടുക്കാനെത്തിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലി തരാൻ ശ്രമിച്ച കാര്യം പെൺകുട്ടിയുടെ അച്ഛൻ വെളിപ്പെടുത്തിയത്.

മകൾ ​കൊല്ലപ്പെട്ടത് മറച്ചുവെക്കാനും, അതിവേഗം മകളുടെ മൃതദേഹം സംസ്കരിച്ച് കേസ് ഒതുക്കാനുമാണ് പൊലീസ് ശ്രമിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ‘കേസ് ഒതുക്കാനാണ് പൊലീസ് തുടക്കം മുതൽ ശ്രമിച്ചത്. മൃതദേഹം കാണാൻ അനുവദിക്കാത്തതിനാൽ പൊലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കൈമാറിയപ്പോൾ ​മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു. ഞങ്ങൾ അത് നിരസിച്ചു’ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറഞ്ഞു.

മകൾക്ക് നീതി ലഭിക്കാനായി പോരാടുന്ന ജൂനിയർ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുത്താനെത്തിയതായിരുന്നു മാതാപിതാക്കൾ. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്  സംസ്ഥാനത്തുടനീളം ഇപ്പോഴും പ്രതിഷേധം നടക്കുകയാണ്. ​കൊൽക്കത്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെ കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News