കാത്തിരുന്നത് 20 വർഷം; ഒടുവിൽ മുനിയപ്പന്റെ വീട്ടിൽ വെളിച്ചമെത്തി
അപേക്ഷ നൽകിയത് 2000 ൽ, വൈദ്യുതി കണക്ഷൻ ലഭിച്ചത് 2021
വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷ നൽകിയിട്ട് മുനിയപ്പൻ കാത്തിരുന്നത് ഒന്നും രണ്ടുമല്ല, 20 വർഷമാണ്. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഗുജിലിയാം പാറയിലെ 60 വയസുകാരനായ പി.മുനിയപ്പനാണ് ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം വൈദ്യുതിയെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം മുനിയപ്പന് കെ.എസ്.ഇ.ബിയുടെ ഓഫീസ് സ്ഥിരമായി സന്ദർശിക്കാനോ അപേക്ഷയുടെ പുരോഗതി തിരക്കാനോ സാധിച്ചിരുന്നില്ല. ഒടുവിൽ ദിണ്ടിഗൽ കലക്ടർ എസ്.വൈശാഖൻ ഇടപെട്ടാണ് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
2000ലാണ് കൂലിത്തൊഴിലാളിയായ മുനിയപ്പൻ പട്ടയഭൂമിയിൽ കൈയിലുള്ള സമ്പാദ്യം മുഴുവൻ എടുത്ത് വീട് പണിതത്. വീട്ടിലേക്കുള്ള വൈദ്യുതിക്ക് വേണ്ടി സമീപിച്ചപ്പോഴായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയത്. 6000 രൂപമാത്രമായിരുന്നു എന്റെ മാസവരുമാനം. അതിന്റെ പിന്നാലെ നടക്കാനോ കാര്യങ്ങൾ അന്വേഷിക്കാനോ സാധിച്ചില്ലെന്ന് മുനിയപ്പൻ പറയുന്നു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇന്ദിരാണി, നാലാം ക്ലാസിൽ പഠിക്കുന്ന പെരിയസ്വാമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന പെരിയമ്മാൾ എന്നിങ്ങനെ മൂന്ന് മക്കളാണ് മുനിയപ്പന്. പത്താം ക്ലാസ് പരീക്ഷയിൽ 500 ൽ 401 മാർക്കാണ് ഇന്ദിരാണി നേടിയത്. അന്ന് വീട്ടിൽ വൈദ്യുതിയുണ്ടായിരുന്നെങ്കിൽ ഇനിയും കൂടുതൽ മാർക്ക് വാങ്ങാൻ സാധിക്കുമായിരുന്നെന്ന് ഇന്ദിരാണി പറയുന്നു.
ചില ദിവസങ്ങളിൽ തന്റെ മൊബൈൽ വാങ്ങി അതിന്റെ ടോർച്ച് വെട്ടത്തിലാണ് ഇന്ദിരാണി പഠിച്ചതെന്ന് അവരുടെ ബന്ധുവായ ധനപാൽ പറയുന്നു. ധനപാലാണ് മുനിയപ്പനെയും കൂട്ടി കലക്ടറേറ്റിലെത്തുകയും ഈ വിഷയം കലക്ടറെ ധരിപ്പിക്കുകയും ചെയ്തത്. കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന കാര്യമായതിനാൽ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് കലക്ടർ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മുനിയപ്പന്റെ വീട്ടിൽ വെളിച്ചമെത്തുകയായിരുന്നു.