മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടും ദലിതന് ക്ഷേത്രത്തിൽ പ്രവേശനമില്ല-സിദ്ധരാമയ്യ

''ജാതിഘടനയുടെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള വഴി യുക്തിവിചാരവും മനുഷ്യത്വവുമാണ്. ജാതിച്ചങ്ങലയിൽനിന്നു സമൂഹത്തെ മോചിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച സാമൂഹിക പരിഷ്‌കർത്താക്കളുടെ അഭിലാഷങ്ങൾക്കു വ്യാപകമായ പ്രചാരണം നൽകണം''

Update: 2023-08-30 05:03 GMT
Editor : Shaheer | By : Web Desk

സിദ്ധരാമയ്യ

Advertising

ബംഗളൂരു: കർണാടകയിലെ ദുരഭിമാനക്കൊലകളിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടും ഇപ്പോഴും ഇന്ത്യയിൽ ദലിതനു ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ വിമർശിച്ചു.

നമ്മുടെ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ജാതിവ്യവസ്ഥയുടെയും നിയമങ്ങളുടെയും മോശം ചിന്താഗതിയാണ് ഇത്തരം സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരഭിമാനക്കൊലകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കേസുകളിൽ അന്വേഷണത്തിൽ ഒരു വീഴ്ചയും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ഇപ്പോഴും ജാതിചിന്ത വച്ചുപുലർത്തുന്ന സമൂഹത്തിനു മാറ്റവും തിരിച്ചറിവുമുണ്ടാകണം. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടും ദലിതരെ ക്ഷേത്രത്തിലും വീടുകളിലും കാലുകുത്താൻ അനുവദിക്കാത്ത ആചാരങ്ങളും പാരമ്പര്യവുമുണ്ട് നമുക്ക്. ജാതിഘടനയുടെ നിയന്ത്രണങ്ങളെ മറികടക്കാനുള്ള വഴി യുക്തിവിചാരവും മനുഷ്യത്വവുമാണ്. ബോധവൽക്കരണമാണ് അതിനുള്ള ആയുധം. ജാതിച്ചങ്ങലയിൽനിന്നു സമൂഹത്തെ മോചിപ്പിക്കാൻ വേണ്ടി പരിശ്രമിച്ച സാമൂഹിക പരിഷ്‌കർത്താക്കളുടെ അഭിലാഷങ്ങൾക്കു വ്യാപകമായ പ്രചാരണം നൽകേണ്ട സമയമാണിത്. ഇതിനായി സർക്കാർ നിർമാണാത്മകമായ പരിപാടികൾ ആരംഭിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 25ന് കോലാറിലെ തൊട്ട്‌ലിയിൽ 19കാരിയെ പിതാവ് കൊലപ്പെടുത്തിയിരുന്നു. ദലിത് യുവാവുമായി പ്രണയത്തിലായതിനെ തുടർന്നാണ് കർഷകനായ വെങ്കിടേഷ് മകളെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ജൂണിൽ ബംഗാർപേട്ടിലും ദലിത് യുവാവുമായി പ്രണയത്തിലായ പേരിൽ 20കാരിയെ അച്ഛൻ വധിച്ചിരുന്നു.

Summary: ‘Man has set foot on moon, but Dalits still can’t enter temples’: Karnataka CM Siddaramaiah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News