യു.പിയിൽ ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ചു, മർദിച്ചു; യുവാവ് അറസ്റ്റിൽ
സംഭവത്തിന്റെ വീഡിയോ പ്രതി തന്നെ പകർത്തി മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയായിരുന്നു.
ലഖ്നൗ: പണിക്കിടെ ഉച്ചവിശ്രമത്തിലായിരുന്ന ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. യു.പി തലസ്ഥാനമായ ലഖ്നൗവിലെ ദുബഗ്ഗ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദിയ ഖേദ മേഖലയിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. രാജ്കുമാർ റാവത്ത് എന്ന ദലിത് യുവാവിന്റെ മുഖത്താണ് സഞ്ജയ് മൗര്യ എന്നയാൾ മൂത്രമൊഴിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഉച്ചഭക്ഷണം കഴിച്ച ശേഷം ക്ഷീണം കൊണ്ട് മയങ്ങുമ്പോഴാണ് മൗര്യ ഇയാളുടെ സമീപത്തുവന്ന് മൂത്രമൊഴിച്ചത്.
എഴുന്നേൽക്കാനാവശ്യപ്പെട്ട് റാവത്തിനെ ഇയാൾ മർദിക്കുകയും ചെയ്തു. സംഭവത്തിൽ റാവത്തിന്റെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തി കേസെടുത്ത പൊലീസ് തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചന്ദിയ ഖേദ പ്രദേശവാസിയായ റാവത്ത് ഒരു കൂലിപ്പണിക്കാരനാണ്. കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുന്ന ഇദ്ദേഹം ഇഷ്ടികച്ചൂളയിലെ ജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത്. സംഭവദിവസം, ഉച്ചഭക്ഷണം കഴിച്ച് തറയിൽ വിശ്രമിക്കുകയായിരുന്നു റാവത്ത്. പൊടുന്നനെ ഇതുകണ്ട മൗര്യ ഇയാളോട് എഴുന്നേൽക്കാൻ ആക്രോശിച്ചു.
എന്നാൽ എഴുന്നേൽക്കാതായതോടെ ഇയാൾ റാവത്തിന്റെ മുഖത്ത് മൂത്രമൊഴിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പകർത്തിയതും മറ്റുള്ളവർക്ക് പങ്കുവച്ചതും പ്രതി തന്നെയാണ്. തുടർന്നാണ് വൈറലായത്.
റാവത്തും മൗര്യയും പരസ്പരം അറിയാവുന്നവരാണെന്നും ഇഷ്ടികച്ചൂളയിൽ തൊഴിലാളികളായി ജോലി ചെയ്യുകയാണെന്നും ലഖ്‌നൗ വെസ്റ്റ് സോൺ ഡിസിപി വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. ഇടയ്ക്ക് ഉറങ്ങുന്നതിനിടെ മൗര്യ റാവത്തിൻ്റെ മുഖത്ത് മൂത്രമൊഴിച്ചു. ഈ വിവരം റാവത്തിൻ്റെ ഭാര്യ പൊലീസിനെ അറിയിക്കുകയും ഉടൻ തന്നെ മൗര്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു- ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിൽ മധ്യപ്രദേശിലെ സിധിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രവേഷ് ശുക്ല എന്നയാൾ ഒരു ആദിവാസിയുടെ മേൽ മൂത്രമൊഴിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഐപിസി, എസ്‌സി/എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം ശുക്ലയെ അറസ്റ്റ് ചെയ്തു.