ലൈംഗികബന്ധത്തിനു നിർബന്ധിച്ചയാളെ 16കാരൻ ദണ്ഡുകൊണ്ട് അടിച്ചുകൊന്നു
മുംബൈയിൽ സിനിമാ സ്വപ്‌നങ്ങളുമായി രണ്ടു വർഷംമുൻപ് വീടുവിട്ടിറങ്ങിയതാണ് 16കാരൻ
ന്യൂഡൽഹി: ലൈംഗികബന്ധത്തിനു നിർബന്ധിച്ചയാളെ 16കാരൻ അടിച്ചുകൊന്നു. ഡൽഹിയിൽ ചെങ്കോട്ടയുടെ പരിസരത്താണ് സംഭവം. ദണ്ഡുകൊണ്ടാണ് ആക്രമിച്ചത്. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത പ്രതി അറസ്റ്റിലായിട്ടുണ്ട്.
ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശംഭു എന്നയാളാണ് കൊല്ലപ്പെട്ടത്. മുഖത്തും തലയിലും പരിക്കേറ്റു മരിച്ച നിലയിൽ ഇയാളെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ചെങ്കോട്ടയുടെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. രണ്ടു മാസംമുൻപാണ് ശംഭുവുമായി പരിചയത്തിലായതെന്ന് ചോദ്യംചെയ്യലിൽ കുട്ടി വെളിപ്പെടുത്തി. ഇരുവരും ഒരുമിച്ചു കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിൽ ശംഭു ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. കുട്ടി ഇതിനു കൂട്ടാക്കിയില്ല. ഇത് തർക്കത്തിലേക്ക് നയിച്ചതോടെ പരിസരത്തുനിന്ന് ലഭിച്ച ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
ഏപ്രിൽ 14നും ഇയാൾ കുട്ടിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചിരുന്നു. ആദ്യദിവസം തർക്കത്തിൽ അവസാനിച്ചു. തൊട്ടടുത്ത ദിവസവും ഇതേ ആവശ്യവുമായി സമീപിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മാരകായുധവുമായി ആക്രമിച്ചതെന്ന് 16കാരൻ പറഞ്ഞു.
ബിഹാർ സ്വദേശിയാണ് പ്രതി. രണ്ടുവർഷം മുൻപ് മുംബൈയിൽ സിനിമാ സ്വപ്‌നങ്ങളുമായി വീട് വിട്ടിറങ്ങിയതാണ്. ഇതിനിടെയാണ് ഡൽഹിയിലെ ഓൾഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് ശംഭുവിനെ പരിചയപ്പെടുന്നത്.
Summary: Man bludgeoned to death by teenager for forcing sex, body found with injuries on footpath near Red Fort, New Delhi. the minor has been arrested in the incident