രാഹുൽ ഗാന്ധിക്കെതിരായ കേസുകൾക്ക് പിന്നിൽ നരേന്ദ്ര മോദിയും ആർ എസ് എസും: കെ.സി വേണുഗോപാൽ

അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

Update: 2023-04-02 09:46 GMT
Editor : abs | By : Web Desk

കെ.സി വേണുഗോപാൽ

Advertising

ദില്ലി: രാഹുൽ ഗാന്ധിക്ക് എതിരായ കേസുകൾക്ക് പിന്നിൽ നരേന്ദ്ര മോദിയും ആർ എസ് എസുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധി നാളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകും. പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ദില്ലിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകും. പ്രധാന നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും

മുൻവിധിയോടെ കോടതി നടപടിയെ കാണുന്നില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് ഇത്ര അങ്കലാപ്പെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, വൈക്കം സത്യാഗ്രഹ വിവാദത്തിൽ കെ.സി വേണുഗോപാൽ പ്രതികരിച്ചില്ല.

2019ലെ അപകീർത്തിക്കേസിൽ തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് രാഹുലിന്റെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപ്പിച്ചിരുന്നു. 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനിടയാക്കിയത്. 'ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളിൽ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി..' എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. മോദിയെന്ന പേരിനെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ സൂറത്ത് കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ രാഹുലിന് ജാമ്യം ലഭിച്ചു.

രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം ലോക്‌സഭാ സെക്രട്ടറിയേറ്റാണ് റദ്ദാക്കിയത്. ഇനി ആറു വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ പറ്റില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം -ദി റെപ്രസന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് (ആർ.പി.എ) പ്രകാരമാണ് രാഹുലിനെ അയോഗ്യനാക്കിയത്. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലാണ് ഈ വകുപ്പ് പ്രകാരം ജനപ്രതിനിധിയുടെ സ്ഥാനം നഷ്ടപ്പെടുക. ആർപിഎ പ്രകാരം അയോഗ്യത കൽപ്പിക്കുന്നതിന് വിവിധ വകുപ്പുകളുണ്ട്. സെക്ഷൻ എട്ട് പ്രകാരമാണ് ശിക്ഷിപ്പെട്ട ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കുന്നത്. രാഷ്ട്രീയത്തെ ക്രിമിനൽവത്കരിക്കപ്പെടുന്നതിൽനിന്ന് തടയാനാണ് ഈ വകുപ്പ്. കളങ്കിതരായ നേതാക്കളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് നിയമം തടയുകയും ചെയ്യുന്നു.

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചും അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിൻറെ നീക്കം. ഉടൻ പ്രതിപക്ഷപാർട്ടികളുടെ യോഗം വിളിക്കും. കോൺഗ്രസിൻറെ ഒരു മാസം നീണ്ട പ്രതിഷേധ പരിപാടി ജയ് ഭാരത് തുടരുകയാണ്. ബ്ലോക്ക്, മണ്ഡലം തലങ്ങളിലുള്ള സത്യഗ്രഹമാണ് നടക്കുന്നത്. ഏപ്രിൽ 8 ന് ശേഷം ഡിസിസി , പിസിസി തല പ്രതിഷേധവും ഏപ്രിൽ മൂന്നാം വാരം ഡൽഹിയിൽ വൻ പ്രതിഷേധവും സംഘടിപ്പിക്കും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News