ഒഡീഷ ട്രെയിൻ അപകടം: രക്ഷാദൗത്യം പൂർത്തിയായെന്ന് റെയിൽവേ മന്ത്രി
അപകടത്തിൽ ഇതുവരെ 261പേരുടെ മരണം സ്ഥിരീകരിച്ചു.
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ആണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. ഇത് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയിൽ ഇടിച്ചു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്നിടിച്ചതോടെയാണ് അപകടം ഗുരുതരമായത്.
അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്ത് യാത്രചെയ്തത് 2296 പേരാണ്. കോറമാണ്ഡൽ എക്‌സ്പ്രസിൽ 1257 പേരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 പേരുമാണ് റിസർവ് ചെയ്തത്. അപകടത്തിൽ ഇതുവരെ 261പേരുടെ മരണം സ്ഥിരീകരിച്ചു. 900ൽ കുടുതൽ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു.