മജിസ്ട്രേറ്റിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു
ഡെബിറ്റ് കാർഡ് ക്ലോൺ ചെയ്താണ് പണം തട്ടിയെടുത്തത്
അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്റെ ഡെബിറ്റ് കാർഡ് ക്ലോൺ ചെയ്ത് 1.19 ലക്ഷം രൂപ തട്ടിയെടുത്തു. ഒരുവർഷത്തിനിടെയാണ് ഇത്രയും രൂപ തട്ടിയെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മഹാരാഷ്ട്ര കുർളയിലെ 11ാം നമ്പർ കോടതിയിലെ ജയദേവ് യശ്വന്ത് ഗുലെയാണ് പരാതിക്കാരൻ. 17 വ്യത്യസ്ത ഇടപാടുകളിലായിയാണ് 1,19,350 രൂപ പിൻവലിച്ചിട്ടുള്ളത് എന്നാണ് പരാതി.
2021 ജനുവരി നാലിനും 2022 ഫെബ്രുവരി രണ്ടിനും ഇടയിലാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. ക്ലോൺ ചെയ്ത ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചിട്ടുള്ളത്.ഫെബ്രുവരി മൂന്നിന് ശമ്പള അക്കൗണ്ട് പാസ്ബുക്ക് രേഖപ്പെടുത്താൻ പോയപ്പോഴാണ് പണം പിൻവലിച്ച കാര്യം മജിസ്‌ട്രേറ്റ് അറിയുന്നത്. തുടർന്ന് വെള്ളിയാഴ്ച ഇതുസംബന്ധിച്ച് അദ്ദേഹം കുർള പൊലീസിന് പരാതി നൽകി. ഐപിസി, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.