തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; പൂജ ഖേദ്കറുടെ അമ്മയുടെ വാഹനവും തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു
വിവാദ ഐ.എ.എസ് ഓഫീസറായ പൂജയെ യു.പി.എസ്.സി പരീക്ഷകളിൽ നിന്ന് നേരത്തെ വിലക്കിയിരുന്നു
മുംബൈ: വിവാദ ഐ.എ.എസ് പ്രബോഷണറി ഓഫീസർ പൂജ ഖേദ്കറുടെ അമ്മയുടെ വാഹനവും തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു. കർഷകന് നേരെ തോക്ക് ചൂണ്ടിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മനോരമ ഖേദ്കറിന്റെ വീട്ടിൽ നിന്നാണ് പൂനെ പൊലീസ് തോക്കും തിരകളും പിടിച്ചെടുത്തത്.
ഭൂമിയിടപാടിൽ കർഷകർക്കും മറ്റുള്ളവർക്കും നേരെ മനോരമ തോക്ക് ചൂണ്ടുന്നതും ഭീഷണിപ്പെടുത്തുന്നതും വിഡിയോകളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ റായ്ഗഡ് ജില്ലയിൽ നിന്ന് മനോരമയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വധശ്രമമുൾപ്പെടെ ഒന്നിലധികം കേസുകൾ മനോരമക്കെതിരെ പൊലീസ് നിലവിൽ എടുത്തിട്ടുണ്ട്.മകൾ പൂജ ഖേദ്കറിനെതിരെ പരാതിയും നടപടികളും തുടരുന്നതിനിടയിലാണ് മനോരമ ഖേദ്കറിന്റെ വിഡിയോ പുറത്തുവരുന്നത്.
പൂജ ഖേദ്കറിനെതിരെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പൊലീസിൽ പരാതി നൽകിയിരുന്നു. അതിന് പിന്നാലെ ഐ.എ.എസ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും കഴിഞ്ഞ ദിവസം നൽകി. പൂജയെ ഭാവി പരീക്ഷകളിൽ നിന്ന് വിലക്കിയെന്നും യു.പി.എസ്.സി അറിയിച്ചിരുന്നു.