പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ അറസ്റ്റില്‍
സാക്ഷിയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് ഗുസ്തി താരങ്ങള്‍
ഡല്‍ഹി: ഗുസ്തി താരങ്ങളുടെ പാര്‍ലമെന്‍റ് മാര്‍ച്ചിനു നേരെ പൊലീസിന്‍റെ ബലപ്രയോഗം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‍രംഗ് പുനിയ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്ഷി മാലിക്കിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങള്‍ പറഞ്ഞു. സമരക്കാര്‍ പൊലീസ് ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ദിനമായ ഇന്ന് പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
അതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ സി.പി.എം നേതാവ് സുഭാഷിണി അലി, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയ കര്‍ഷകരെയും ഡല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞു.
ഇത് ആത്മാഭിമാനത്തിനായുള്ള പോരാട്ടമാണെന്നും മഹാപഞ്ചായത്ത് നടത്തുമെന്നും ഗുസ്തിതാരം ബജ്‌റംഗ് പുനിയ പറഞ്ഞു- "മഹാപഞ്ചായത്ത് എന്തായാലും നടത്തും. ഞങ്ങൾ ഞങ്ങളുടെ ആത്മാഭിമാനത്തിന് വേണ്ടി പോരാടുകയാണ്. അവർ ഇന്ന് പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു. പക്ഷെ രാജ്യത്ത് ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നു".
ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും ജന്തർമന്തറിലും പൊലീസിനെ വിന്യസിച്ചു. അതിർത്തിയില്‍ വാഹനങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്. പാർലമെന്‍റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. സമരത്തിനു പിന്തുണയുമായെത്തിയ സ്ത്രീകൾ തങ്ങിയ അംബാലയിലെ ഗുരുദ്വാരയിൽ പൊലീസ് പരിശോധന നടത്തി ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് സമരം.