പോസ്റ്റൽ വോട്ട് സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയില്‍; ഇബ്രാഹിംപട്ടണം മണ്ഡലത്തിൽ തര്‍ക്കം

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട്സ്ഥലത്തെത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി

Update: 2023-12-03 01:49 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തിൽ  പോസ്റ്റൽ വോട്ട് സൂക്ഷിച്ച പെട്ടിയെച്ചൊല്ലി തര്‍ക്കം. പോസ്റ്റൽ വോട്ട് സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയിലാണെന്ന് ആരോപിച്ചാണ് തർക്കം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട്സ്ഥലത്തെത്താൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. നവംബര്‍ 30 നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടന്നത്.  74.93 ശതമാനം പോളിംഗാണ് ഇബ്രാഹിംപട്ടണത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിആർഎസിലെ മഞ്ചിറെഡ്ഡി കിഷൻ റെഡ്ഡിക്കായിരുന്നു വിജയം.  72581 വോട്ടുകൾക്കായിരുന്നു വിജയം. ബിഎസ്പിയുടെ മൽറെഡ്ഡി രംഗ റെഡ്ഡി 72205 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇത്തവണയും മഞ്ചിറെഡ്ഡി കിഷൻ റെഡ്ഡി തന്നെയാണ് ബി.ആര്‍.എസിന്‍റെ സ്ഥാനാര്‍ഥി.

 എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിക്കുന്നത്. 

അതേസമയം, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

ഛത്തീസ്‌ ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് . അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തും രണ്ടാം ഘട്ടത്തിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് ശ്രീകരൻ പൂർ ഒഴികെ 199 സീറ്റിലേക്ക് രാജസ്ഥാൻ വിധിയെഴുതി . തെക്കേ ഇന്ത്യയിലെ സംസ്ഥാനമായ തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയത് ഛത്തീസ്‌ഗഡ്‌, രാജസ്ഥാൻ , മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു . എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് മികച്ച പോരാട്ടം നൽകാനായി. 2018 ഇൽ ഉത്തരേന്ത്യയിലെ വലിയ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം പിടിച്ചിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ യ്‌ക്കൊപ്പമായുള്ള കോൺഗ്രസ് എം. എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതോടെ മധ്യപ്രദേശിൽ ഭരണം കോൺഗ്രസിന് നഷ്ടമായി . കമൽ നാഥ് മുഖ്യമന്ത്രിയായ 15 മാസങ്ങൾ മാറ്റിനിർത്തിയാൽ 2008 മുതൽ ബി.ജെ.പി ഭരണത്തിൻ കീഴിലാണ് മധ്യപ്രദേശ് . രാജസ്ഥാൻ , ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ് ,തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയാണ് കോൺഗ്രസ് ലക്ഷ്യം.

എന്നാൽ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ സ്വപ്ന തുല്യമായ വിജയമായിരിക്കും എന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. അതേസമയം, ഞായറാഴ്ച മിസ്സോറമിലെ ജനങ്ങൾക്ക് വിശേഷ ദിവസമായതിനാൽ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റി. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News