ഡൽഹിയിൽ സംഘർഷ സാധ്യത; ഖാർഗെ അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ
ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഹാജരായതിന് പിന്നാലെ ഡൽഹിയിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. രാഹുൽ ഗാന്ധിയെ അനുഗമിച്ചെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മല്ലികാർജുൻ ഖാർഗെ,അശോക് ഗെഹ്‌ലോട്ട്, മുകൾ വാസ്‌നിക്, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ കെ.സി വേണു ഗോപാലിനെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്യുകയും കയ്യേറ്റത്തിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയും ചെയ്തു.
ഇ.ഡി ഓഫീസിനു മുന്നിൽ കനത്ത സുരക്ഷാവലയമാണ് ഒരുക്കിയിട്ടുള്ളത്. ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം.
നാഷണൽ ഹെറാൾഡ് കേസിൽ കാൽനടയായാണ് രാഹുൽ ഇ.ഡി ഓഫീസിലെത്തിയത്. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യൽ. ചോദ്യംചെയ്യൽ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്. എന്നാൽ ഡൽഹിയിലെ ഇ.ഡി ഓഫീസ് മാർച്ചിന് പൊലീസ് അനുമതി നൽകിയില്ല .
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമാണ് യങ് ഇന്ത്യ ലിമിറ്റഡിൻറെ എംഡിമാർ. നാഷണൽ ഹെറാൾഡിൻറെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യയെന്നാണ് പരാതിയിലുള്ളത്. ഈ വിഷയത്തിലാണ് രാഹുലിനെ ഇന്ന് ഇ.ഡി ചോദ്യംചെയ്യുക. എന്നാൽ കേസിലുള്ള ഇ.ഡിയുടെ ഇടപെടൽ രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസിൻറെ ആരോപണം.